
മലപ്പുറം: പൊന്നാനിയില്‍ വീടിന്‍റെ ഓടിളക്കി അകത്ത് കയറി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ആനപ്പടി സ്വദേശി അക്ബറിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചു. മാതാവും പെണ്‍കുട്ടിയും വീടിനുള്ളിലെ വെളിച്ചത്തില്‍ പ്രതി പിന്‍വാതില്‍ വഴി ഓടിപ്പോകുന്നത് കണ്ടു. പരിസരവാസികള്‍ പൊലീസുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അയല്‍വാസികളായ പെണ്‍കുട്ടികള്‍ കുളിക്കുന്ന സ്ഥലത്തും അലക്കുന്ന സ്ഥലത്തും സംശയാസ്പദ രീതിയില്‍ ചുറ്റി തിരിയുന്നത് കണ്ട് പല സമയത്തും നാട്ടുകാര്‍ പിടികൂടി താക്കീത് ചെയ്ത് പ്രതിയെ വിട്ടയച്ചിരുന്നു. അവിവാഹിതനും ലഹരിക്കടിമയുമായ പ്രതി പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ പരിസരത്ത് രാത്രി ചുറ്റി തിരിഞ്ഞിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥിരമായി കണ്ടിരുന്ന ഇയാളെ സംഭവ ശേഷം കാണാറില്ലെന്ന് പരിസരവാസികളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ മുമ്പും ഇത്തരത്തില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി പൊലീസ് ഇന്‍സ്പെക്ടര്‍ എസ് അഷറഫ്, എസ്.ഐ സി വി ബിബിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ നാസര്‍, പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘം ആണ് പിടികൂടിയത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.