
ഹരിപ്പാട്: നാഷണൽ ഹൈവേ നിർമ്മാണക്കരാർ ഏറ്റെടുത്ത വിശ്വസമുദ്ര കമ്പനിയുടെ വാഹനങ്ങളിൽ നിന്ന് മാസങ്ങളായി ഡീസൽ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ രഞ്ജിൽ (30) ആണ് ഹരിപ്പാട് പൊലീസിന്റെ വലയിലായത്. മോഷണത്തിനായി ഉപയോഗിച്ചിരുന്ന പിക്ക് അപ്പ് വാഹനത്തിൽ നിന്ന് 805 ലിറ്റർ ഡീസലും, ഡീസൽ മോഷ്ടിക്കാൻ ഉപയോഗിച്ച മോട്ടോറും പൈപ്പും അടക്കമുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കമ്പനി കരാറെടുത്ത ടിപ്പർ വാഹനങ്ങൾ ഓടിക്കുന്ന ജീവനക്കാർ തന്നെയാണ് ഈ മോഷണത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഡീസൽ മോഷണം സംബന്ധിച്ച് കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടന്ന രഹസ്യാന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന്, പ്രതികൾ താമസിച്ചിരുന്ന വാടകവീട് പൊലീസ് നിരീക്ഷിച്ചു. വീടിന്റെ മേൽക്കൂരയിലൂടെ ഒരു പൈപ്പ് പുറത്തേക്ക് നീളുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് മോഷണത്തിനായി ഉപയോഗിക്കുന്നതാണെന്ന് മനസിലാക്കിയ പൊലീസ്, രഹസ്യമായി നീക്കങ്ങൾ നിരീക്ഷിച്ചു. പ്രതികളിലൊരാൾ വീട്ടിലെത്തിയ ഉടൻ തന്നെ ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ മോഷണത്തിന്റെ വിശദാംശങ്ങൾ പ്രതി വെളിപ്പെടുത്തി.
വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കാനായി പ്രത്യേക സംവിധാനങ്ങളാണ് ഇവർ ഒരുക്കിയിരുന്നത്. വാഹനങ്ങൾ വാടകവീടിന് സമീപം നിർത്തിയിട്ട്, മുറിയിൽ സൂക്ഷിച്ചിരുന്ന മോട്ടോറും പൈപ്പും ഉപയോഗിച്ച് ടാങ്കിൽ നിന്ന് ഡീസൽ വലിയ വീപ്പകളിലേക്ക് മാറ്റുകയായിരുന്നു ഇവരുടെ രീതി. പിന്നീട്, ഈ ഡീസൽ കന്നാസുകളിലാക്കി വിൽക്കാൻ തയ്യാറാക്കി വെക്കും. അറസ്റ്റിലായ രഞ്ജിലാണ് ഈ മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നത്. ഐഎസ്എച്ച്ഒ മുഹമ്മദ് ഷാഫിക്ക് പുറമെ എസ്ഐ മാരായ ഷൈജ, ജോബിൻ, എസ്‌സിപിഒ സനീഷ്, സിപിഒമാരായ അനീഷ്, വൈശാഖ്, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.