
ഹരിപ്പാട്: പള്ളിപ്പാട് ശബരിവധക്കേസിൽ സഹോദരങ്ങളായ രണ്ട് പ്രതികൾ കൂടി പൊലീസ് പിടിയിൽ. പള്ളിപ്പാട് കോട്ടയ്ക്കകംമുറി വലിയ മണക്കാട്ട് കാവിൽ അഖിൽ( 23 ), അരുൺ (21) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ ഏഴും എട്ടും പ്രതികളാണ് ഇവർ. അഞ്ചാംപ്രതി ബിനീഷ് ബാലകൃഷ്ണനാണ് ഇനി പിടിയിലാകാനുള്ളത്. മുട്ടം കാണിച്ചനെല്ലൂർ കരിക്കാട് ബാലചന്ദ്രൻ സുപ്രഭ ദമ്പതികളുടെ മകൻ ശബരി (28 ) മാർച്ച് 17ന് പള്ളിപ്പാട് നീറ്റൊഴുക്കിന് സമീപം മർദ്ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പ്രതികൾ പൊലീസ് പിടിയിലായിട്ടുണ്ട്. ഒളിവിൽ പോയ അരുണിനെയും അഖിലിനെയും വണ്ടാനത്തുള്ള ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ഇവർ ആദ്യം തമിഴ്നാട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ അമ്മ കോയമ്പത്തൂരിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഇവരുടെ സംരക്ഷണയിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതികൾക്കായി പൊലീസ് മൂന്ന് ദിവസമാണ് തമിഴ്നാട്ടിൽ തിരച്ചിൽ നടത്തിയത്. പൊലീസ് കോയമ്പത്തൂരിൽ എത്തിയപ്പോൾ ഇവർ അവിടെനിന്നും മുങ്ങി. പിന്നീട് മധുര, തിരുനെൽവേലി എന്നിവിടങ്ങളിലും പൊലീസ് അന്വേഷണം നടത്തി. എന്നാൽ, ഇവർ കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ചു.
പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പിടികൂടിയത്. പ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചവർക്ക് എതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്എച്ച്ഒ ഫറാഷ് ഐപിഎസ്, സിഐ വിജു വി നായർ, എസ് സി പി ഓ അജയൻ, സിപിഒ മാരായ നിഷാദ്, പ്രേം കുമാർ, നിസാം, സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.