
തിരുവനന്തപുരം: പൂവാർ തിരുപുറത്ത് സൗഹൃദം നടിച്ചു മാല പിടിച്ചുപറിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. തിരുപുറം കഞ്ചാം പഴിഞ്ഞി സ്വദേശിയായ സഹോദരങ്ങളായ വിനീതിനെയും വിനീഷിനെയുമാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. പൂവാർ തിരുപുറം സ്വദേശിയായ വിനോയുടെ രണ്ടര പവൻ മാലയാണ് സഹോദരങ്ങൾ സൗഹൃദം നടിച്ചു പിടിച്ചുപറിച്ചത്.
പൂവാറിൽ നിന്നിരുന്ന വിനോ എന്ന യുവാവിനെ, സൗഹൃദം നടിച്ചു ജോലി കാര്യങ്ങൾ സംസാരിക്കാൻ എന്ന വ്യാജേന വിനീതും വിനീഷും വീട്ടിലെത്തിച്ചു. ശേഷം വിനോയുടെ ബൈക്കിന്റെ താക്കോൽ കൈക്കലാക്കി. തുടർന്ന് പരസ്പരം വാക്കേറ്റമുണ്ടായി. അതിനു ശേഷം ഇരുവരും ചേർന്ന് വിനോയെ മർദ്ദിച്ച ശേഷം രണ്ടര പവന്റെ മാല പൊട്ടിച്ചു എടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വിനോ ഉടനെ പൂവാർ പോലിസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ രണ്ടു മാസം മുൻപ് വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിലും ഇരുവരും പ്രതികൾ ആണെന്ന് മനസിലായി. ഇവർ ഓട്ടോറിക്ഷയിൽ പോകുന്ന വിവരം ലഭിച്ച പൊലീസ് നെയ്യാറ്റിൻകരയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച മാല കണ്ടെത്തി.
മാല നെയ്യാറ്റിൻകരയിൽ വിൽക്കാൻ എത്തിയതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പിടിയിലായവര്‍ നിരവധി അടിപിടി കേസുകളിലും പ്രതികളാണെന്ന് പൂവാർ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam