
ജെല്ലിക്കെട്ട് സിനിമയെ വെല്ലുന്ന ദൃശ്യങ്ങള്‍ക്കാണ് കാസര്‍ഗോഡ് മുള്ളേരിയ പ്രദേശം ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. വില്‍ക്കാനായി കൊണ്ടുവന്ന പോത്ത് കയറ് പൊട്ടിച്ചോടി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ പാളിയതിന് പിന്നാലെ പോത്തിന്‍റെ പരക്കം പാച്ചിലിന് ഉടമസ്ഥര്‍ കാറിടിപ്പിച്ചാണ് അന്ത്യം കണ്ടെത്തിയത്.
കാസർഗോഡ് മുള്ളേരിയ പണിയയിലാണ് സംഭവം. കഴിഞ്ഞ പെരുന്നാളിന് വിൽക്കാനായി കൊണ്ടുവന്ന പോത്തായിരുന്നു വിരണ്ടോടിയത്. വിൽപന നടക്കാതെ വന്നതോടെ പോത്തിനെ പറമ്പിൽ കെട്ടിയിടുകയായിരുന്നു. എന്നാൽ പടക്കം പൊട്ടിച്ച ശബ്ദം കേട്ട് പോത്ത് കയർ പൊട്ടിച്ച് ഓടുകയായിരുന്നു.
വിരണ്ടോടിയ പോത്തിനെ ആഴ്ചകളായി അന്വേഷിക്കുകയായിരുന്നു ഉടമസ്ഥർ. അതിനിടയിലാണ് കാറഡുക്ക പണിയയിൽ ഒരു പോത്ത് വിരണ്ടോടിയ വിവരം കിട്ടിയത്. ഇതിനിടെ പോത്ത് വിരണ്ടോടുന്നതിനിടയിൽ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. കാറഡുക്ക മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ പുരയിടത്തിൽ പണിയെടുക്കുകയായിരുന്ന പ്രഭാകര പൂജാരി, താരാനാഥ റാവു എന്നിവർക്കാണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. പോത്തിനെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല.
നാരാമ്പാടി ടൗണിലെത്തിയ പോത്തിനെ ഇന്നലെ വൈകുന്നേരത്തോടെ ഉടമസ്ഥർ കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. ഉടമസ്ഥരെത്തിയതോടെ നാട്ടുകാർ ഇവർക്കെതിരെ തിരിഞ്ഞിരുന്നു. ഇത് ചെറിയൊരു സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഒടുവിൽ ആദൂർ പൊലീസ് എത്തി ചർച്ച നടത്തിയാണ് പോത്തിനെ കൊണ്ടുപോകാൻ ഉടമസ്ഥരെ അനുവദിച്ചത്.
വിരണ്ടോടുന്നത് കാട്ടുപോത്ത് ആണെന്ന സംശയത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പോത്തിന്റെ ഉടമസ്ഥരോട് ഇന്ന് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരുക്കേറ്റ 2 പേരെയും കാസർകോട് ഗവണ്‍മെന്‍റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam