
സുല്‍ത്താന്‍ബത്തേരി: തമിഴ്‌നാട് സര്‍ക്കാര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച രണ്ട് ബോര്‍ഡുകളെ ചൊല്ലി അതിര്‍ത്തി പ്രദേശമായ താളൂരില്‍ ബസ് സ്റ്റാന്‍ഡ് നിർമാണം വൈകുന്നു. ആ സംഭവം ഇങ്ങനെയാണ്.
നിലവില്‍ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയോട് തൊട്ടുനില്‍ക്കുന്ന താളൂര്‍ ടൗണില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ പാകത്തിലുള്ള സ്ഥലമില്ല. ഇത് പരിഹരിക്കുന്നതിന് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിലേക്ക് സുല്‍ത്താന്‍ബത്തേരി എംഎല്‍എയായ ഐസി ബാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത് നിര്‍മാണത്തിനായി കരാറുകാരന്‍ എത്തിയപ്പോഴാണ് ബോര്‍ഡ് പാരയായത്.
കേരളത്തിന്റെ മണ്ണിലെ തമിഴ്നാട് സര്‍ക്കാര്‍ ബോര്‍ഡുകള്‍ നിര്‍മാണത്തിന്റെ ഭാഗമായി മാറ്റിനല്‍കണം. ചേരമ്പാടി പഞ്ചായത്ത്, ഗൂഡല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് നെന്‍മേനി പഞ്ചായത്ത് അധികൃതര്‍ കത്തുനല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പ്രതികരണം ലഭ്യമല്ലാതെ വന്നതോടെ നെന്മേനി പഞ്ചായത്ത് തന്നെ മുന്‍കൈയ്യെടുത്ത് ഇരുപക്ഷത്തെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുകയായിരുന്നു.
യോഗത്തില്‍ രണ്ട് മണ്ഡലത്തിലെയും എംഎല്‍എമാരും പങ്കെടുത്തു. ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണനും ഗൂഡല്ലൂര്‍ എംഎല്‍എ പൊന്‍ ജയശീലനും പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തി. വിഷയം വയനാട്, നീലഗിരി ജില്ലാ കലക്ടര്‍മാരെ ധരിപ്പിക്കാനും പരിഹാരം വേഗത്തിലാക്കാനും തീരുമാനിച്ചു.