
തൃശൂര്‍: കേച്ചേരി തുവാന്നൂര്‍ ചിറപറമ്പില്‍ ഒഴിഞ്ഞ വീട് കേന്ദ്രികരിച്ച് വന്‍തോതില്‍ ലക്ഷങ്ങള്‍ വച്ച് ചീട്ടുകളിച്ചിരുന്ന സംഘം പൊലീസ് പിടിയില്‍. റെയ്ഡില്‍ 17,73,070 രൂപയും പിടിച്ചെടുത്തു. 16 പേരെ കസ്റ്റഡിയിലെടുത്തു. ഡാന്‍സാഫ് സംഘവും കുന്നംകുളം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ ചീട്ടുകളി സംഘം കുടുങ്ങിയത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിയവര്‍ ഇവിടെ ചീട്ടുകളി നടത്തുകയായിരുന്നു.
മലപ്പുറം നാല്, കോഴിക്കോട് ഒന്ന്, പാലക്കാട് അഞ്ച്, കണ്ണൂര്‍ മൂന്ന്, തൃശൂര്‍ മൂന്ന് എന്നിവരടങ്ങുന്ന സംഘമാണ് ലക്ഷങ്ങള്‍ വച്ച് ചീട്ടുകളിച്ചിരുന്നത്. പുള്ളിവെട്ട്, പരല്‍ എന്നി പേരുകളില്‍ അറിയപ്പെടുന്ന ചീട്ടുകളികളാണ് സംഘം നടത്തിയിരുന്നത്. രണ്ടു ലക്ഷം രൂപ മുതലാണ് ചീട്ടുകളി ആരംഭിക്കുന്നത്. രഹസ്യ വിവരം ലഭിച്ച ഡാന്‍സാഫ് സംഘം കുറച്ചുദിവസമായി ഇവിടെ നിരീക്ഷിച്ചുവരികയായിരുന്നു.
ചിറപ്പറമ്പ് വെട്ടുക്കാട് വഴിയിലെ പാടത്ത് തോടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞുകിടക്കുന്ന വീട് കേന്ദ്രീകരിച്ചാണ് വന്‍തോതില്‍ പണം വെച്ച് ചീട്ടുകളിച്ചിരുന്നത്. ചിറപ്പറമ്പ് സ്വദേശി മണികണ്ഠന്‍റെയാണ് വീട്. കഴിഞ്ഞ രാത്രി ഏഴിന് വീട് വളഞ്ഞാണ് ചീട്ടുകളി സംഘത്തെ പൊലീസ് തന്ത്രപരമായി പിടികൂടിയത്.
പണത്തിനു പുറമെ 19 മൊബൈല്‍ ഫോണും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ചീട്ടുകളി സംഘത്തില്‍ അധികവും ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയവരാണ്. രാത്രി ഏറെ നേരം ഇരുന്ന് കളിക്കുന്ന സംഘത്തിന് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. ഇതിനു സമീപത്തെ മറ്റൊരു കെട്ടിടത്തിനുള്ളിലും സമാനമായ രീതിയില്‍ ചീട്ടുകളി നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.