
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ പെൺ ബംഗാൾ കടുവ 'ബബിത'യ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കടുവയ്ക്ക് കീമോതെറാപ്പി നൽകിത്തുടങ്ങി. ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മീസോത്തീലിയൽ സ്തരത്തെ ബാധിക്കുന്ന 'അഡിനോ കാർസിനോമ' എന്ന അപൂർവവും മാരകവുമായ ക്യാൻസറാണ് ബബിതയ്ക്ക് പിടിപെട്ടിരിക്കുന്നത്.
2024 മാർച്ചിലാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ജനവാസമേഖലയിൽ ഭീതി പരത്തിയതിനെ തുടർന്ന് വനം വകുപ്പ് ഈ പെൺകടുവയെ പിടികൂടുന്നത്. തുടർന്ന് പുനരധിവാസത്തിനായാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയതും 'ബബിത' എന്ന് പേരിട്ടതും. ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും കൃത്യമായ ചികിത്സാമാർഗങ്ങൾ ലഭ്യമല്ലാത്തതിനാൽ പാലിയേറ്റീവ് കെയർ നൽകി വരികയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില കൂടുതൽ വഷളായതോടെയാണ് വിദഗ്ധ സംഘത്തിന്‍റെ നിർദേശപ്രകാരം കീമോതെറാപ്പി ആരംഭിക്കാൻ മൃഗശാല അധികൃതർ തീരുമാനിച്ചത്. 'കാർബോ പ്ലാറ്റിൻ' എന്ന കീമോ മരുന്നാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. വയറിനുള്ളിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും കണ്ടതിനെ തുടർന്നാണ് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്‍റെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ നടത്തിയത്. തുടർന്ന് ഡോ. സച്ചിൻ മനോജ്, ഡോ. ജയകൃഷ്ണൻ, ഡോ. ഐശ്വര്യ, ഡോ. ഹരീഷ് സി.
ഡോ. ദേവി എന്നീ വിദഗ്ധ ഡോക്ടർമാരുടെ സംഘം രോഗാവസ്ഥ സ്ഥിരീകരിക്കുകയായിരുന്നു. ശരീരത്തിൽ പടർന്നുപിടിക്കുന്ന രീതിയിലുള്ള ക്യാൻസറായതിനാൽ ശസ്ത്രക്രിയ വഴി ഇത് നീക്കം ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അമേരിക്കയിലെ നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പൂച്ചകളിൽ സമാനമായ ക്യാൻസർ ബാധിച്ചപ്പോൾ കീമോതെറാപ്പിയിലൂടെ നാല് മാസത്തോളം ആയുസ് ദീർഘിപ്പിക്കാൻ സാധിച്ചിരുന്നു. ഈ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ബബിതയ്ക്കും കീമോതെറാപ്പി നൽകാൻ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam