അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ആലപ്പുഴ സ്വദേശികളായ ചാൾസ് ഡെന്നീസ്, പ്രവീൺ ദാസ് എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കൊച്ചി: അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി. ആലപ്പുഴ പുന്നപ്ര കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നീസ് (29) ആലപ്പുഴ പുന്നപ്ര ആറാട്ടുകുളം വീട്ടിൽ പ്രവീൺ ദാസ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അങ്കമാലി ടി ബി ജംഗ്ഷന് സമീപം വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാറിൻ്റെ ഡിക്കിയിൽ ബാഗുകളിൽ പ്രത്യേകം പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനു കുമാർ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, അങ്കമാലി എസ്എച്ച്ഒ പിഎം റാസിക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


