അരിക്കൊമ്പൻ ദൗത്യത്തിന് താൽക്കാലിക വിലക്ക്; ആനയിറങ്കലില്‍ അടിച്ചുപൊളിച്ച് കോന്നി സുരേന്ദ്രനും കുഞ്ചുവും

By Web TeamFirst Published Apr 1, 2023, 3:40 AM IST
Highlights

ആനയിറങ്കലിലാണ് ഇപ്പോൾ കുങ്കിയാനകളുടെ നീരാട്ട് . തുമ്പികൈയിൽ വെള്ളം നിറച്ച്,ദേഹത്തു തളിച്ച്. പാപ്പാൻമാരുടെ നിർദേശങ്ങൾക്ക് ചെവി കൂർപ്പിച്ച്, അനുസരണയോടെ ആനയിറങ്കലിന്റെ കാഴ്ചകൾ ആസ്വദിയ്ക്കുകയാണ് ഇരുവരും.

ചിന്നക്കനാൽ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടുന്നത് ഹൈക്കോടതി താൽക്കാലികമായി വിലക്കിയതോടെ ചിന്നക്കനാല്‍ ആസ്വദിച്ച് കുങ്കിയാനകൾ. അരിക്കൊമ്പൻ ദൗത്യത്തിന് എത്തിയ കുങ്കിയാനകൾ ചിന്നക്കനാലിൻറെ ഭുപ്രകൃതിയോട്  ഇണങ്ങി കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍. ദൗത്യത്തിനായുള്ള കാത്തിരിപ്പിനിടെ ആനയിറങ്കലിന്റെ ഓളങ്ങൾക്കൊപ്പം  ഉല്ലസിയ്ക്കുകയാണ് കോന്നി സുരേന്ദ്രനും കുഞ്ചുവും.

പതിവായി ഒരു നടത്തമുണ്ട് കോന്നി സുരേന്ദ്രനും കുഞ്ചുവിനും. നാട്ടു കാഴ്ചകൾ കണ്ടൊരു വഴിയടി. പിന്നൊരു കുളി. ചിന്നക്കനാലിൽ എത്തിയിട്ടും ദിനചര്യകൾക്കൊന്നും മാറ്റമില്ല. ആനയിറങ്കലിലാണ് ഇപ്പോൾ കുങ്കിയാനകളുടെ നീരാട്ട് . തുമ്പികൈയിൽ വെള്ളം നിറച്ച്,ദേഹത്തു തളിച്ച്. പാപ്പാൻമാരുടെ നിർദേശങ്ങൾക്ക് ചെവി കൂർപ്പിച്ച്, അനുസരണയോടെ ആനയിറങ്കലിന്റെ കാഴ്ചകൾ ആസ്വദിയ്ക്കുകയാണ് ഇരുവരും. അരികൊമ്പൻ ദൗത്യം തീരുമാനിച്ചിരിയ്ക്കുന്ന സിമന്റ് പാലതാണ് കുങ്കി ആനകള്‍ക്ക് താവളം ഒരുക്കിയിട്ടുള്ളത്. കൂട്ടാളികളായ വിക്രമിന്റെയും സൂര്യയുടെയും  കൂട്ട് പിടിച്ച് അരികൊമ്പനെ തളയ്ക്കാനുള്ള കാത്തിരിപ്പിലാണ് ഈ കരിവീരന്മാരുള്ളത്. 

അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി  പരിശോധിക്കമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്.കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ എസ് അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂ ട്ട് മുൻ ഡയറക്ടർ ഡോ. പി എസ് ഈശ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് വിദഗ്‌ദ്ധ സമിതി അംഗങ്ങൾ.

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം, ഒപ്പം അഞ്ച് ആനകളും; സമരം തുടർന്ന് ജനങ്ങൾ

click me!