തിരുവനന്തപുരത്ത് പലിശക്കാരന്‍റെ മര്‍ദ്ദനത്തിനും ഭീഷണിക്കും പിന്നാലെ മത്സ്യക്കച്ചവടക്കാരൻ ജീവനൊടുക്കി

By Web TeamFirst Published Apr 1, 2023, 12:46 AM IST
Highlights

ശംഖുമുഖം സ്വദേശി സുജിത് കുമാറാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സുജിത് കുമാര്‍ പരാതി നല്‍കിയിട്ടും വലിയതുറ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.

വലിയതുറ: തിരുവനന്തപുരത്ത് പലിശക്കാരന്റെ മര്‍ദ്ദനത്തിനും ഭീഷണിക്കും പിന്നാലെ മത്സ്യക്കച്ചവടക്കാരൻ ജീവനൊടുക്കി. ശംഖുമുഖം സ്വദേശി സുജിത് കുമാറാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സുജിത് കുമാര്‍ പരാതി നല്‍കിയിട്ടും വലിയതുറ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആള്‍സെയിന്‍സ് സ്വദേശിയായ രാജേന്ദ്രനില്‍ നിന്ന് സുജിത് കുമാര്‍ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ കടയിലെത്തി ഭീഷണി തുടങ്ങി. 22-ആം തിയതി വീട്ടിലെത്തിയ രാജേന്ദ്രനും സംഘവും സുജിത് കുമാറിനെ ക്രൂരമായി മര്‍ദിച്ചു. തടയാനെത്തിയ മകനും മര്‍ദനമേറ്റു.

പിറ്റേന്ന് വലിയതുറ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കാനാണ് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് സുജിത് കുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹവുമായി ഒരു മണിക്കൂറോളം നാട്ടുകാര്‍ ആള്‍സെയിന്റ് ജങ്ഷന്‍ ഉപരോധിച്ചു.

സംഭവത്തില്‍ പൊലീസ് വീഴ്ചയുണ്ടായെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേ സമയം സുജിത്തും, രാജേന്ദ്രനും പരസ്പരം ആരോപണം ഉന്നയിച്ച് നൽകിയ പരാതികളിൽ രണ്ട് കേസുകളെടുത്തിട്ടുണ്ടെന്ന് വലിയതുറ പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുന്നതുവരെ വലിയതുറ എസ്ഐയെ ചുമകളിൽ നിന്നും മാറ്റി നിർത്താനും തീരുമാനിച്ചിട്ടുണ്ട്.

ഫെബ്രുവരി മാസത്തില്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരിൽ നിന്നും പണം പലിശക്ക് വാങ്ങിയിരുന്നുവെന്നും ഇവരുടെ മാനസിക പീഡനം മൂലം ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്നില്ലെന്നും ആരോപിച്ച് കൊല്ലം കോർപ്പറേഷൻ ജീവനക്കാരനായിരുന്ന വി ബിജു ആത്മഹത്യ ചെയ്തിരുന്നു. കൊല്ലം കോര്‍പ്പറേഷനിൽ വൻ ബ്ലേഡ് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നതായാണ് കോര്‍പ്പറേഷനിലെ ഡ്രൈവറായിരുന്ന ബിജുവിന്റെ ആത്മഹത്യക്കുറിപ്പിൽ ആരോപിച്ചത്. 7 ജീവനക്കാരുടെ പേരും ബിജു കത്തിൽ കുറിച്ചിട്ടുണ്ട്. വാങ്ങിയ തുകയുടെ അഞ്ചിരട്ടിയിലധികം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയ സംഘം മാനസികമായി പീഡിപ്പിക്കുകയാണെന്നായിരുന്നു ബിജുവിന്റെ ആരോപണം. ഇവരുടെ ഭീഷണി മൂലം ജീവിക്കാനാകാത്ത അവസ്ഥയിലാണ്. തന്റെ മക്കളുടെ പഠനത്തിന് പോലും പണമില്ലെന്നും ബിജുവിന്റെ ആത്മഹത്യക്കുറിപ്പിൽ വിശദമാക്കിയിരുന്നു.

പൊലീസിൽ ശുദ്ധികലശം; വ്യാപക അഴിച്ചു പണിയുമായി സർക്കാർ, 160-ലേറെ എസ്എച്ച്ഒമാരെ സ്ഥലംമാറ്റും

click me!