തിരുവോണ സദ്യയുമായി പോയ കാര്‍ നിയന്ത്രണം വിട്ടു, പാലത്തിന്‍റെ കൈവരിയിലിടിച്ചു; ഒഴിവായത് വന്‍ദുരന്തം

By Web TeamFirst Published Sep 8, 2022, 6:25 PM IST
Highlights

തിരുവോണസദ്യയ്ക്കുള്ള  വിഭവങ്ങളുമായി പോയ കാറിന്‍റെ നിയന്ത്രണം വിടുകയായിരുന്നു.  ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാകാം അപകടമെന്നാണ് പൊലീസിന്‍റെ അനുമാനം.

പാല: കോട്ടയത്ത് തിരുവോണ നാളില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിലിടിച്ച് അപകടം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തിരുവോണസദ്യയ്ക്കുള്ള പാഴ്സൽ വിതരണത്തിനായി പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് നിന്നത് പാലത്തിന്റെ കൈവരിയിലാണ്. തലനാരിഴയ്ക്കാണ് തിരുവോണദിനത്തിൽ  വൻദുരന്തം  ഒഴിവായത്.  

പാലാ കടപ്പാട്ടൂർ കാണിക്കവഞ്ചി ജംഗ്ഷനിലാണ് കാർ അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
തിരുവോണസദ്യയ്ക്കുള്ള  വിഭവങ്ങളുമായി പോയ കാറിന്‍റെ നിയന്ത്രണം വിടുകയായിരുന്നു.  ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാകാം അപകടമെന്നാണ് പൊലീസിന്‍റെ അനുമാനം.  ബൈപ്പാസ് റോഡിൽ നിന്നും വാഹനങ്ങൾ ഏറ്റുമാനൂർ റോഡിലേയ്ക്ക് പ്രവേശിക്കുന്നിടത്തെ പാലത്തിലായിരുന്നു അപകടം.

അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡ് സൈഡിലെ സൂചനാ ബോർഡുകൾ തകർത്ത് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് നില്‍ക്കുകയായിരുന്നു. വാഹനത്തിന്റെ വലതുവശത്തെ ടയർ മാത്രമാണ് റോഡിലുണ്ടായിരുന്നത്. അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ കാർ തോട്ടിൽ പതിക്കുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ എയർബാഗ് പ്രവർത്തിച്ചതിനാൽ കാറോടിച്ചിരുന്നയാൾ വലിയ പരിക്കുകളേല്‍ക്കാതെ  രക്ഷപ്പെട്ടു. ഇയാളെ പാലായിലെ മരിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനത്തിലുണ്ടായിരുന്ന സാമ്പാറും പുളിശേരിയുമടക്കം സദ്യയ്ക്കുള്ള വിഭവങ്ങൾ കാറിനുള്ളിലും റോഡിലുമെല്ലാം ചിതറി തെറിച്ചു. തോട്ടിൽ സാമാന്യം വെള്ളമുണ്ടായിരുന്നതിനാൽ കാർ തോട്ടിലേയ്ക്ക് വീണാൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. ഫയര്‍ഫോഴ്സ് എത്തി കാര്‍ പാലത്തില്‍ നിന്നും മാറ്റി. 

Read More :  സദ്യയ്ക്ക് മുമ്പ് 'രണ്ടടിച്ചോണം'; ഓണലഹരിയിൽ കള്ളുഷാപ്പുകൾ, ഇന്ന് പ്രവർത്തിദിനം

click me!