വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിനശിച്ച നിലയിൽ

By Web TeamFirst Published Dec 8, 2022, 8:12 AM IST
Highlights

 സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടിന് വെളിയിൽ നിർത്തിയിട്ട വാഹനങ്ങളാണ് തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടത്തിയത്. 

പാലക്കാട്:  ചന്ദ്രനഗറിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയിൽ. ഭാരത് മാതാ സ്കൂളിന് പിൻവശത്തുള്ള ജ്യോതി നഗർ എന്ന സ്ഥലത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീട്ടിന് വെളിയിൽ നിർത്തിയിട്ട വാഹനങ്ങളാണ് തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടത്തിയത്. ഇവരുടെ സഹോദരന്‍ രാജേഷിന്‍റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. 

മാട്ടുമന്തയിൽ ഉള്ള രാജേഷ് എന്നയാളുടെ സഹോദരിയും സഹോദരനുമാണ് സിന്ധുവും പ്രശാന്തും. രാജേഷ് ടൗൺ സൗത്ത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങള്‍ സഹോദരങ്ങളുടെ വീട്ടില്‍ വച്ച് പഴനിയിലേക്ക് പോയിരുന്നു. രാജേഷിന്‍റെ പക്കൽ നിന്നും വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പൊലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് കസബ പൊലീസ് അന്വേഷണം തുടങ്ങി.

ഇതിനിടെ തന്നെ കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന് വീട്ടിലെ സ്കൂട്ടര്‍ സമീപവാസി കത്തിച്ചതായി വീട്ടമ്മ പരാതിപ്പെട്ടു. തിരുവനന്തപുരം കണിയാപുരം കണ്ടലിലാണ് സംഭവം. പുത്തൻകടവ് സ്വദേശിനി ഷാഹിനയാണ് പരാതിക്കാരി. ഇവരുടെ വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കഴിഞ്ഞ ദിവസം കത്തി നശിച്ചിരുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടിനുള്ളിൽ പുക നിറഞ്ഞത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് കണ്ടത്. തീ പെട്ടെന്ന് അയ്ക്കാതിരിക്കാനായി ടാങ്കിലെ വെള്ളം തീർക്കുന്നതിന് സമീപത്തെ പൈപ്പുകൾ തുറന്ന് വിട്ട നിലയിലായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് തീ അണച്ചത്. ഇതിനിടെ സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. ഷാഹിന നാട്ടിൽ ബിസിനസ് നടത്തുകയാണ്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. സമീപവാസിയായ നൗഫല്‍ എന്ന യുവാവാണ് സ്കൂട്ടര്‍ കത്തിച്ചതെന്ന് ഷാഹിന പൊലീസില്‍ പരാതി നല്‍കി. 
 
കഴിഞ്ഞ കുറെ നാളുകളായി സമീപവാസിയായ നൗഫൽ തന്നെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നതായി ഷാഹിന ആരോപിക്കുന്നു. ഇത്തരത്തിൽ സഹോദരന്‍റെ അടുത്ത് നൗഫൽ ഷാഹിനയെ കുറിച്ച് അപവാദം പറയുകയും തുടർന്ന് യുവാവ് ഇത് വിലക്കുകയും ചെയ്തു. ഇതോടെ നൗഫൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് കാലിൽ അടിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. ഈ സംഘര്‍ഷത്തിനിടെ പ്രദേശവാസികളാണ് നൗഫലിനെ പിടിച്ചുമാറ്റിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഷാഹിന, നൗഫൽ  തന്നെ കുറിച്ച് അപവാദം പറയുന്നത് ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് നൗഫൽ യുവതിയെ അസഭ്യം വിളിച്ചതായും പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രാത്രി വീട്ടുമുറ്റത്ത് വച്ചിരുന്ന സ്കൂട്ടർ കത്തിയതെന്ന് ഷാഹിന പരാതിയില്‍ പറയുന്നു. തന്നോടുള്ള വൈരാഗ്യം മൂലം നൗഫലാണ് സ്കൂട്ടര്‍ കത്തിച്ചതെന്ന് ഷാഹിന നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇയാളാണോ വാഹനം കത്തിച്ചതെന്ന് സ്ഥിതികരിച്ചിട്ടില്ല.

കൂടുതല്‍ വായനയ്ക്ക്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം; അഭിപ്രായ സര്‍വേയില്‍ ഇക്കുറിയും ഏഷ്യാനെറ്റ് ന്യൂസ് - സി ഫോര്‍ തന്നെ !

click me!