Asianet News MalayalamAsianet News Malayalam

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം; അഭിപ്രായ സര്‍വേയില്‍ ഇക്കുറിയും ഏഷ്യാനെറ്റ് ന്യൂസ് - സി ഫോര്‍ തന്നെ !

ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലെ 1,82,557 വോട്ടർമാരുടെ അഭിപ്രായം ആസൂത്രിതമായ സാമ്പിൾ രീതിയിലൂടെയാണ് ഏഷ്യാനെറ്റ് ന്യൂസ് - സി ഫോറിന്‍റെ അഭിപ്രായ സര്‍വ്വ നിശ്ചയിക്കപ്പെട്ടത്.  

Gujarat Election Result Asianet News C for most is accurate pre poll survey
Author
First Published Dec 8, 2022, 2:51 PM IST


ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി അധികാരം നിലനിര്‍ത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് - സി ഫോറിന്‍റെ അഭിപ്രായ സര്‍വ്വയും ശ്രദ്ധിക്കപ്പെടുന്നു. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലെ 1,82,557 വോട്ടർമാരുടെ അഭിപ്രായം ആസൂത്രിതമായ സാമ്പിൾ രീതിയിലൂടെയാണ് ഏഷ്യാനെറ്റ് ന്യൂസ് - സി ഫോറിന്‍റെ അഭിപ്രായ സര്‍വ്വ നിശ്ചയിക്കപ്പെട്ടത്.  ഈ അഭിപ്രായ സര്‍വേയിലെ കണ്ടെത്തലുകള്‍ മിക്കതും തെരഞ്ഞെടുപ്പ് വിജയത്തോടൊപ്പം നില്‍ക്കുന്നുവെന്നതും ശ്രദ്ധേയം.

182 അംഗ നിയമസഭയിൽ 133 മുതൽ 143 വരെ സീറ്റുകൾ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ്  ഏഷ്യാനെറ്റ് ന്യൂസ് - സി ഫോര്‍ അഭിപ്രായ സര്‍വേ പറയുന്നത്. അതേസമയം ഇപ്പോഴത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും 28 മുതൽ 37 വരെ സീറ്റേക്ക് ചുരുങ്ങുമെന്നും ആം ആദ്മി പാര്‍ട്ടിക്ക് 5 മുതൽ 14 വരെ സീറ്റുകൾ നേടി സാന്നിധ്യമറിയിക്കുമെന്നും ഫലങ്ങളില്‍ സൂചനയുണ്ടായിരുന്നു. 48 ശതമാനം വോട്ട് വിഹിതമാണ് ബിജെപിക്ക് പ്രവചിക്കപ്പെട്ടത്. അരവിന്ദ് കെജ്‌രിവാളിന്‍റെ ആം ആദ്മി പാർട്ടി (എഎപി) കോൺഗ്രസിന്‍റെ വോട്ട് വിഹിതം വലിയ തോതില്‍ നേടുമെന്നും പ്രീ പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചു. കോൺഗ്രസിനും എഎപിക്കും യഥാക്രമം 31, 16 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന് പ്രീ-പോൾ സർവേ അവകാശപ്പെട്ടത്. 

കൂടുതല്‍ വായനയ്ക്ക്:    പ്രതിപക്ഷം ചിതറും; ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി: ഏഷ്യാനെറ്റ് ന്യൂസ് ഗുജറാത്ത് അഭിപ്രായ സര്‍വേ
 

കോണ്‍ഗ്രസിന്‍റെ വേട്ട് ചോര്‍ച്ചയിലെ പ്രധാനകാരണങ്ങളായി അഭിപ്രായ സര്‍വ്വയില്‍ ചൂണ്ടിക്കാണിച്ചത് ശക്തമായ ഒരു നേതൃത്വത്തിന്‍റെ അഭാവമായിരുന്നു. അതോടൊപ്പം കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്കും ചൂണ്ടിക്കാണിക്കപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഗുജറാത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും അഭിപ്രായ സര്‍വ്വേ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ യാത്രയ്ക്കുണ്ടായ സ്വീകാര്യത ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. 

കോണ്‍ഗ്രസിന്‍റെ ക്ഷീണം മുതലാക്കുക എഎപി ആകുമെന്നും സര്‍വ്വേയില്‍ സൂചനകളുണ്ടായിരുന്നു. ദില്ലിയും പഞ്ചാബും ഉദാഹരണങ്ങളായി കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്നു. ഈ സംസ്ഥാനങ്ങളിലെ വിജയത്തിലൂടെ കോണ്‍ഗ്രസ് വോട്ടര്‍മാരില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ എഎപിയ്ക്ക് കഴിഞ്ഞു. 2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 66 ശതമാനം എഎപി വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെയും 21 ശതമാനം എഎപി വോട്ടര്‍മാര്‍ ബിജെപിയെയുമായിരുന്നു പിന്തുണച്ചിരുന്നത്. 2022 ല്‍ എത്തുമ്പോള്‍ പ്രതിപക്ഷ നിരയിലെ വോട്ടുകളില്‍ കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ബിജെപിക്ക് സാധിച്ചു. 

ഗുജറാത്തിലെ ബിജെപി വിജയം പ്രധാനമായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആശ്രിയിച്ചാണ് നിശ്ചയിക്കപ്പെട്ടത്. വ്യക്തി പ്രഭാവവും സംസ്ഥാനത്തെ വികസനത്തില്‍ കേന്ദ്രത്തിന്‍റെ ഇടപെടലും ശക്തമായപ്പോള്‍ വോട്ടര്‍മാര്‍ ബിജെപിക്കൊപ്പം നിലയുറപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 34 ശതമാനം പേർ സംസ്ഥാനത്തെ ബിജെപി സർക്കാരിന്‍റെ പ്രവര്‍ത്തനത്തെ 'നല്ലത്' എന്ന് വിലയിരുത്തിയപ്പോൾ 9 ശതമാനം ആളുകൾ 'മികച്ചത്' എന്നും രേഖപ്പെടുത്തി. അതോടൊപ്പം 46 ശതമാനം പേര്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ ഭരണത്തില്‍ തൃപ്തി രേഖപ്പെടുത്തി. 27 ശതമാനം നല്ല ഭരണമെന്ന് രേഖപ്പെടുത്തി. മികച്ച ഭരണമെന്ന് അഭിപ്രായപ്പെട്ടത് 9 ശതമാനം പേരാണ്. അതോടൊപ്പം സര്‍വ്വയില്‍ പങ്കെടുത്തവരില്‍ 34 ശതമാനം പേര്‍ ഭൂപേന്ദ്ര പട്ടേല്‍ രണ്ടാമതും അധികാരത്തിലെത്തുമെന്നും അഭിപ്രായപ്പെട്ടു. 


കൂടുതല്‍ വായനയ്ക്ക്:    ഗുജറാത്തി ജനത ചൂല് ഏറ്റെടുക്കുമോ, ആപ്പിനെ കാത്തിരിക്കുന്നതെന്ത്? ഏഷ്യാനെറ്റ് ന്യൂസ് സ‍‍ർവെയിലെ കണ്ടെത്തൽ!
 

എന്നാല്‍, സമൂഹത്തിലെ വരുമാനം കുറഞ്ഞവരില്‍ നിന്ന് ബിജെപിക്കെതിരെ അതൃപ്തി മറനീക്കി പുറത്ത് വന്നിരുന്നു. പ്രത്യേകിച്ചും പെട്രോള്‍,  ഡീസല്‍, ഗ്യാസ് തുടങ്ങി അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരില്‍ അതൃപ്തി പ്രകടമായിരുന്നു. ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മയും സംസ്ഥാനത്ത് ശക്തമാണ്. അതുപോലെ തന്നെ ദളിത്, ആദിവാസി, താക്കോറുകള്‍, മുസ്ലീങ്ങള്‍ എന്നിവര്‍ക്കിടയിലും അതൃപ്തി ശക്തമായിരുന്നു. എന്നാല്‍, അതൃപ്തിയുള്ള ജനവിഭാഗം വിഘടിച്ച് നിന്നതും സാധാരണക്കാരുടെ പ്രശ്നങ്ങളെ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടു. കോണ്‍ഗ്രസിന് തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് സാധാരണ വേട്ടര്‍മാര്‍ കരുതുന്നില്ല. എന്നാല്‍, സൗജന്യ വൈദ്യുതി (300 യൂണിറ്റ് വരെ), തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസ അലവൻസ് 3000 രൂപ, തുടങ്ങിയ സൗജന്യങ്ങൾ എഎപി മുന്നോട്ട് വച്ചപ്പോള്‍ സൗരാഷ്ട്ര, സൂറത്ത് മേഖലയിലെ നിരവധി വോട്ടർമാരെ സ്വാധീനിക്കാന്‍ എഎപിക്ക് കഴിഞ്ഞു. എന്നാല്‍ ഒരു എംഎല്‍എയെ ജയിപ്പിച്ചത് കൊണ്ട് മാത്രം തങ്ങളുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന ധാരണ വോട്ടര്‍മാരില്‍ ശക്തമായിരുന്നു. 

അതേ സമയം, ശക്തമായ കേന്ദ്ര സര്‍ക്കാറിന്‍റെ പിന്തുണ ഉള്ളത് കൊണ്ട് മണ്ഡലത്തില്‍ ബിജെപി എംഎല്‍എ വിജയിച്ചാല്‍ അതിലൂടെ മണ്ഡലത്തിന്‍റെ വികസനവും വോട്ടര്‍മാര്‍ മുന്നില്‍ കണ്ടു. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം വോട്ടര്‍മാരും ബിജെപിക്ക് വോട്ടു ചെയ്യുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത് വികസനം മാത്രമാണെന്നതും ശ്രദ്ധേയം. നരേന്ദ്രമോദിയുടെ വ്യക്തപ്രഭാവത്തെയായിരുന്നു 32 ശതമാനം അനുകൂലിച്ചത്. സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ ബിജെപിയില്‍ നിന്നും കൂടുതല്‍ തൊഴിലവസരവും അവശ്യസാധനങ്ങളുടെ വില കുറവുമാണ് ആവശ്യപ്പെട്ടത്. ബിസിനസ് മേഖലയിലുള്ളവരാകട്ടെ ജിഎസ്ടി നിരയ്ക്ക് കുറയ്ക്കുക, വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കുക എന്നിവ ആവശ്യപ്പെട്ടു. കര്‍ഷകരാകട്ടെ വായ്പ എഴുതിത്തള്ളല്‍, കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കല്‍ വൈദ്യുതി എന്നിവയാണ് ആവശ്യപ്പട്ടത്. 

കൂടുതല്‍ വായനയ്ക്ക്:   പ്രധാനമന്ത്രിയുടെ ജനപ്രീതിയും മുഖ്യമന്ത്രിയുടെ ജനപ്രീതിയും; ഏഷ്യാനെറ്റ് ന്യൂസ് ഗുജറാത്ത് സർവെ ഫലത്തിൽ കണ്ടത്

എന്നാല്‍, ഗുജറാത്തിലെ ബിജെപിയുടെ പ്രകടനത്തില്‍ സന്തുഷ്ടരല്ലെന്ന് അഭിപ്രായപ്പെട്ട 57 ശതമാനം പേര്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് സര്‍വ്വയില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. കോണ്‍ഗ്രസിന്‍റെ സൗജന്യങ്ങളും വാഗ്ദാനങ്ങളും 12 ശതമാനം പേരെ കോണ്‍‌ഗ്രസിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ വെറും ഏഴ് ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവത്തെ അംഗീകരിച്ചത്. അതേ സമയം 43 ശതമാനം പേര്‍ കെജ്രവാളിന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വാസം രേഖപ്പെടുത്തി. 27 ശതമാനം പേര്‍ ബിജെപിയുടെ ഭരണത്തില്‍ അസ്വസ്ഥരാണെന്നും അതിനാല്‍ എഎപിയ്ക്ക് വോട്ട് ചെയ്യുമെന്നും അഭിപ്രായപ്പെട്ടു. 17 ശതമാനം പേര്‍ കെജ്രിവാളിന്‍റെ വ്യക്തിപ്രഭാവത്തെ അംഗീകരിച്ച് സര്‍വ്വേയില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:    ഭൂപേന്ദ്രഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ ഡിസംബർ 12 ന്

കൂടുതല്‍ വായനയ്ക്ക്:   ഗുജറാത്തിൽ റെക്കോഡ് ജയത്തിലേക്ക് ബിജെപി; ടീം ഗുജറാത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Follow Us:
Download App:
  • android
  • ios