
ആലപ്പുഴ: കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. ദേശീയപാതയിൽ കരിയിലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിലെ പെട്രോൾ പമ്പിനു മുന്നിലാണ് സംഭവം. പള്ളിപ്പാട് സ്വദേശി ഖലീൽ (37) ആണ് മരിച്ചത്. പനവേലിൽ മുബാറക്കിന്റെയും പരേതയായ ലൈലയുടെയും മകനാണ്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂളിലെ ഡ്രൈവറായിരുന്നു ഖലീൽ. ഇന്ന് ഉച്ചയ്ക്ക് 1.30ന് ആയിരുന്നു അപകടം.
കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ കാറും ഖലീൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. ബുള്ളറ്റ് ദേശീയപാതയിലേക്ക് കടക്കുന്നതിനിടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ എൻജിൻ ഭാഗം വേർപെട്ട് രണ്ടായി പിളർന്ന ബുള്ളറ്റിന്റെ ഭാഗങ്ങൾ 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. മുൻഭാഗം പൂർണമായും തകർന്ന കാറിന്റെ ചില്ലുകൾ തെറിച്ച് കാർ ഓടിച്ചിരുന്ന യുവാവിന് നിസാര പരുക്കേറ്റു. നാലുവരിപ്പാതയിലേക്ക് തുറന്നിട്ടിരിക്കുന്ന ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഖലീലിന്റെ മൃതദേഹം കായംകുളം ഗവൺമെന്റ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജസീറ. മക്കൾ: ബിലാൽ, ഹബീൽ. കബറടക്കം നാളെ 11ന് പടിഞ്ഞാറെമുട്ടം ജുമാ മസ്ജിദ് കബർസ്ഥാനിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam