ചെക്ക് ഡാം കടക്കവെ പെട്ടെന്നുണ്ടായ ശക്തമായ ഒഴുക്കില്‍ കാര്‍ ഒഴുകിപ്പോയി; ഡ്രൈവറെ രക്ഷപ്പെടുത്തി

By Web TeamFirst Published Dec 15, 2022, 10:58 AM IST
Highlights

 ചെക്ക് ഡാമിന് മുകളിലൂടെ പുഴയ്ക്ക് അക്കരെ കടക്കുന്നതിനിടെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. 

തൃശ്ശൂര്‍:  തിരുവില്വാമല എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാമില്‍ കാര്‍ മറിഞ്ഞ് അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ കൊണ്ടാഴി സ്വദേശി ജോണിയെ മീൻപിടുത്തക്കാർ രക്ഷപ്പെടുത്തി.  ജോണി തിരുവില്വാമല ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡാമിന് മുകളിലൂടെ ഗായത്രി പുഴയ്ക്ക് അക്കരെ കടക്കുന്നതിനിടെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. അതിനൊപ്പം ശക്തമായ ഒഴുക്കും അനുഭവപ്പെട്ടു. ഇതേ സമയം മറ്റ് വാഹനങ്ങള്‍ക്ക് പുഴ കടക്കാന്‍ കഴിഞ്ഞെങ്കിലും ജോണിന്‍റെ കാറിന്‍റെ നിയന്ത്രണം നഷ്ടമാവുകയും കാര്‍ പുഴയിലേക്ക് തെന്നി നീങ്ങുകയുമായിരുന്നു. ഇതേ സമയം പുഴയില്‍ മീന്‍ പിടിക്കുകയായിരുന്നവര്‍ സംഭവം കണ്ട് പുഴയ്ക്ക് കുറകെ കടന്ന് വാഹനത്തിലുണ്ടായിരുന്ന ജോണിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ചെക്ക് ഡാമില്‍ നിന്നും തെന്നി താഴേക്ക് നീങ്ങിയ കാര്‍ പുഴയ്ക്ക് നടുവിലാണുള്ളത്. കാര്‍ പുഴയില്‍ നിന്നും കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 

ഇതിനിടെ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ ബോട്ട് മുങ്ങി മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ഇവരെ രക്ഷപ്പെടുത്തി. അപടത്തില്‍ ബോട്ട് തകര്‍ന്ന് മൂന്ന് മത്സ്യത്തൊഴിലാളികളും കടലില്‍ വീഴുകയായിരുന്നു. എടക്കഴിയൂർ സ്വദേശി മൻസൂർ, കുളച്ചൽ സ്വദേശി ജഗൻ, കുളച്ചൽ സ്വദേശിയായ ബാലു എന്നിവരാണ് കടലില്‍ അകപ്പെട്ടത്. ബോട്ട് തകര്‍ന്ന് നടുക്കടിലില്‍ അകപ്പെട്ട മൻസൂർ, ജഗൻ എന്നീ തൊഴിലാളികള്‍ കടലില്‍ നീന്തി നടക്കുന്നത് കാണാനിടയായ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ മൂന്ന് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും പൊന്നാനിയിലെത്തിച്ചു. 

ഇതിനിടെ കടലില്‍ അകപ്പെട്ട മൂന്നാമത്തെ മത്സ്യാത്തൊഴിലാളിയായ ബാലുവിനെ  പൊന്നാനി കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. പൊന്നാനി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ  മൂന്ന് പേർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല,  അതേസമയം കാസർകോട്ട് മറ്റൊരു ബോട്ട് അപകടത്തിൽപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലിസ് രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനിടെ ബോട്ടിന്‍റെ  സ്റ്റിയറിംഗ് പൊട്ടി  ബോട്ട് നിയന്ത്രണം വിടുകയായിരുന്നു. കമലാക്ഷിയമ്മ എന്ന ബോട്ടിലെ  തൊഴിലാളികളായ ബാബു, വത്സൻ , രാജൻ, വിജയൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ശക്തമായ കാറ്റും മഴയും മൂലം ബോട്ട് കെട്ടിവലിച്ച് കൊണ്ടുവരുവാൻ കഴിയാത്തതിനാൽ സംഭവസ്ഥലത്ത് തന്നെ നങ്കുരമിട്ടു വെച്ചു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയവരെ കരയിലെത്തിക്കാനായത്.  


 

 

click me!