
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്നോടെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡിലാണ് സംഭവം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാറില്‍ യാത്ര ചെയ്തിരുന്ന അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തിരുവാലി ഭാഗത്തുള്ളവരാണ് കാറില്‍ ഉണ്ടായിരുന്നത്. നല്ല വേഗതയിലായിരുന്ന കാര്‍ ബസ് വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ശക്തമായ മഴയുള്ള സമയമായിരുന്നതിനാൽ എതിര്‍ ദിശയിലേക്ക് തെന്നിമാറി എതിരേ വന്ന ബസ്സില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു അപകട വാർത്ത, റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു എന്നതാണ്. കായംകുളം കാക്കനാട് സ്വദേശി തുളസിയാണ് മരിച്ചത്. 72 വയസായിരുന്നു. കായംകുളം കാക്കനാട് - കാങ്കാലിൽ റോഡിലായിരുന്നു അപകടം ഉണ്ടായത്. ഇന്നലെ ബന്ധുവിനൊപ്പം ബൈക്കിൽ പോകവേ റോഡിലെ കുഴിയിൽ വീണിരുന്നു തുളസി. ഗുരുതര പരിക്കേറ്റ തുളസിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കായംകുളം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായി എന്ന് നാട്ടുകാർ പരാതി പറയുന്നു. റോഡിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് യു പ്രതിഭ എം എൽ എ നടത്തിയിരുന്നു.
അതിനിടെ ഇടുക്കിയിൽ നിന്നും പുറത്തുവന്ന മറ്റൊരു അപകട വാർത്ത, മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. ചെന്നൈ സ്വദേശികളായ യുവാക്കളാണ് തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞതിന് ശേഷം കത്തിനശിക്കുകയായിരുന്നു. ഷംസുദ്ദീൻ, റിഷി, മോഹൻ എന്നിവരാണ് മരിച്ചത്. പിൻസീറ്റിലുണ്ടായിരുന്ന ദീപക്, അബ്ദുൾ അസീസ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.