
തിരുവനന്തപുരം: നിയന്ത്രണം വിട്ടെത്തിയ കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ച ശേഷം ഡിവൈഡറിന് സമീപം ഇടിച്ച് നിന്നു. സ്‌കൂട്ടര്‍ യാത്രികന്‍ തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ബാലരാമപുരം കൊടിനടയിലായിരുന്നു അപകടം.
നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ഓട്ടോയിലും മിനി ബസിലും ഇടിച്ച ശേഷം സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിനടിയില്‍ അകപ്പെട്ട സ്‌കൂട്ടറില്‍ നിന്നും യാത്രികന്‍ പുറത്തേക്ക് തെറിച്ചുവീണതിനാൽ വലിയ അപകടം ഒഴിവായി. ശാസ്തമംഗലം സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
ദീർഘ ദൂര യാത്ര കഴിഞ്ഞ് വരുന്നതിനിടെ പെട്ടെന്ന് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. സ്‌കൂട്ടറിന് മുകളിലേക്ക് ഇടിച്ചു നിന്ന കാറില്‍ നിന്നും ഏറെ പണിപ്പെട്ടാണ് സ്‌കൂട്ടര്‍ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടർ യാത്രികനായ ഷാജഹാന്‍ ഡിവൈഡറിലേക്കാണ് തെറിച്ചുവീണത്. കാലിനും തലയ്ക്കും പരിക്കേറ്റതിനാൽ ഷാജഹാനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.