
കണ്ണൂർ: പിലാത്തറയിലെ കാർ വാഷ് സെന്‍ററിൽ നിന്ന് മോഷണം പോയ കാർ ഒരു മാസത്തിന് ശേഷം കണ്ടെത്തി. കാസർകോട് നിന്നാണ് പരിയാരം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ ഉപയോഗിച്ച് ഓടിക്കുന്നതിനിടെയാണ് വാഹനം തിരിച്ചറിഞ്ഞത്.
കഴിഞ്ഞ മാസം ഇരുപതിന് പുലർച്ചെയാണ് പിലാത്തറയിലെ കാർവാഷ് കടയിൽ നിന്നും ചുവന്ന സ്വിഫ്റ്റ് കാർ മോഷണം പോയത്. ബൈക്കിലെത്തിയ മോഷ്ടാവ് കാറുമായി കടന്നുകളയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നടുവിൽ സ്വദേശി പെയിന്റിംഗിനായി ഏൽപ്പിച്ചതായിരുന്നു കാർ. പിന്നാലെ കടയുടമയുടെ പരാതിയിൽ പരിയാരം പൊലീസ് അന്വേഷണം നടത്തി. വളരെ വേഗം മോഷ്ടാവിലേക്ക് എത്തിയെങ്കിലും കാർ കണ്ടെത്താനായില്ല.
കസ്റ്റഡിയിലായ കാഞ്ഞങ്ങാട് സ്വദേശി ഇബ്രാഹിം ബാദുഷ ചോദ്യം ചെയ്യലിൽ നിസഹകരണം തുടർന്നു. ഇതിനിടെ കഥയിലെ ട്വിസ്റ്റ്. കാസർകോട് വച്ച് തന്റെ അതേ നമ്പറുമായി പോകുന്ന കാർ കണ്ട് മറ്റൊരു കാറുടമ പൊലീസിനെ വിവരം അറിയിച്ചു. കസ്റ്റഡിയിലെടുത്തപ്പോൾ നമ്പർ പ്ലേറ്റ് വ്യാജം. ഇബ്രാഹിം ബാദുഷ മോഷ്‌ടിച്ച കാർ നമ്പർ പ്ലേറ്റ് മാറ്റി മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam