
തിരുവനന്തപുരം: റോഡിൽ സ്റ്റേജ് സ്ഥാപിച്ച് കസേരകൾ നിരത്തി ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിൽ മേയർ കയ്യൊഴിഞ്ഞതോടെ പരിസ്ഥിതി ദിനാചരണം നടത്തിയ സംഘടനയ്ക്കെതിരെ പൊലീസ് കേസ്. ഇന്ന് രാവിലെ ഉപ്പിടാംമൂട് പാലത്തിനടുത്താണ് റോഡിൽ സ്റ്റേജ് കെട്ടി പരിപാടി നടത്തിയത്. പുനർജനി- തിരുവനന്തപുരം കോർപ്പറേഷൻ എന്ന പേരിൽ മേയറുടെ ഉൾപ്പടെ ചിത്രം പതിപ്പിച്ച ഫ്ലക്സ് ഉൾപ്പടെ വേദിയിൽ സ്ഥാപിച്ചായിരുന്നു പരാതി. കോർപ്പറേഷനുമായി ബന്ധമില്ലെന്ന് മേയർ അറിയിച്ചതോടെ പരിസ്ഥിതി സംഘടനയായ പുനർജനിക്കെതിരെ കേസെടുത്തതായി വഞ്ചിയൂർ പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെയാണ് കേസ്. ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഉദ്ഘാടന ചടങ്ങിനാണ് റോഡിൽ സ്റ്റേജ് കെട്ടിയത്. റോഡിൽ വരിവരിയായി കസേരകൾ നിരത്തിയോതോടെ ഇതുവഴിയുള്ള ഗതാഗതം താറുമാറായി.
കോർപ്പറേഷൻ റോഡിൽ പരിപാടി സംഘടിപ്പിച്ചതിൽ മേയർക്കെതിരെ പ്രചാരണം ആരംഭിച്ചതോടെ മേയർ വി.വി രാജേഷ് രംഗത്തെത്തുകയും കോർപ്പറേഷന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പൊതുമരാമത്ത് റോഡിലെ പരിപാടിയിൽ പൊലീസ് ആണ് ഇടപെടേണ്ടത്. കോർപറേഷൻ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ല. സംഘടന നടത്തിയ പരിപാടിയായിരുന്നു. തന്‍റെ ചിത്രം സ്ഥാപിച്ചതിൽ അവർക്കെതിരെ നടപടിയെടുക്കാനാകില്ല. ഇന്ന് മാത്രം പതിനെട്ടോളം പരിപാടികളിൽ തന്‍റെ ചിത്രം വച്ചിട്ടുണ്ട്. എന്നാൽ രണ്ട് പരിപാടികളിൽ മാത്രമാണ് താൻ പങ്കെടുത്തതെന്നും ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം തെറ്റാണെന്നും മേയർ പറഞ്ഞു. സിപിഎം സമാനമായി റോഡിൽ സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു. അതുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് പ്രചാരണമെന്നും മേയർ പറഞ്ഞു. വിഷയം വിവാദമായതോടെയാണ് റോഡിൽ സ്റ്റേജ് കെട്ടിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam