ചാലിയാറിന്റെ കൈവഴിയായ ചെത്തുപാലം തോട്ടിൽ മാരകവിഷം കലക്കിയാണ് പ്രതികൾ മീനുകളെ പിടികൂടുന്നത്. വിഷമേറ്റ് ചത്തുവീഴുന്ന ആയിരക്കണക്കിന് മത്സ്യങ്ങളെ വലവെച്ച് പിടികൂടി ദൂരസ്ഥലങ്ങളിൽ വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി.

കോഴിക്കോട്: ചാലിയാറിൽ വിഷം കലക്കി മീൻ പിടിക്കുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നദിയുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന തരത്തിൽ മാരക വിഷം കലക്കിയാണ് പ്രതികൾ മീൻപിടിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയിലാണ് പ്രതികളെ ഫോറോക്ക് പൊലീസ് പിടികൂടിയത്.

ചാലിയാറിന്റെ കൈവഴിയായ ചെത്തുപാലം തോട്ടിൽ മാരകവിഷം കലക്കിയാണ് പ്രതികൾ മീനുകളെ പിടികൂടുന്നത്. വിഷമേറ്റ് ചത്തുവീഴുന്ന ആയിരക്കണക്കിന് മത്സ്യങ്ങളെ വലവെച്ച് പിടികൂടി ദൂരസ്ഥലങ്ങളിൽ വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി. മഴക്കാലത്ത് നദികളിൽ ഒഴുക്ക് കൂടുമ്പോഴാണ് സംഘം രാത്രികാലങ്ങളിൽ പുഴയിലെത്തി വിഷം കലക്കി കടന്നുകളയുന്നത്. പല തവണ നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നാട്ടുകാർ സംഘടിതമായി കാവലിരുന്ന് നാലംഗ സംഘത്തെ പിടികൂടാൻ ശ്രമിച്ചു. ഇക്കാര്യം മനസിലാക്കിയ ഉടൻ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. മറ്റൊരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളുടെ വിവരം പൊലീസിന് ലഭിച്ചത്. 

മലപ്പുറം മുതുവല്ലൂർ സ്വദേശി മുർഷിദ്, അരീക്കോട് സ്വദേശി മുഹമ്മദ് അനീസ്, എടവണ്ണപ്പാറ സ്വദേശികളായ ഹംസ, അബ്ദുൽ ജലീൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കും.

YouTube video player