
തൃശൂർ: ബൈക്ക് യാത്രക്കാരൻ്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാളെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾ പൊലീസ് കസ്റ്റഡിയിലുണ്ട്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അർജുൻ എന്നയാളെ പെരുമ്പാവൂരിൽ നിന്നും, ഇടുക്കി പൈസൺവാലി സ്വദേശി ബോബി ഫിലിപ്പിനെ (37) ആലുവയിൽ നിന്നും, ആലുവ മാർക്കറ്റ് റോഡ് സ്വദേശി ഗ്ലിവിൻ ജെയിംസിനെ (38) നെടുമ്പാശേരിയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
അർജുനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ബോബി ഫിലിപ്പ്, ഗ്ലിവിൻ ജെയിംസ് എന്നിവർ അന്തിക്കാട് പോലീസ് സ്റ്റേഷൻ കസ്റ്റഡിയിൽ തുടരുകയാണ്. തെളിവെടുപ്പുകൾക്കും മറ്റ് നടപടികൾക്കും ശേഷം ഈ രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കും. 2023 മാർച്ച് മാസത്തിൽ വടുവഞ്ചാൽ സ്വദേശിയുടെ മകന് റെയിൽവേയിൽ ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ നേരത്തെ അറസ്റ്റിലായവരാണ് ഗീതാറാണിയും വിജീഷും. രതീഷ് കുമാർ കൂടി പിടിയിലായതോടെ ഈ കേസിൽ ഇനി ഒരാൾ മാത്രമാണ് പിടിയിലാകാനുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപ്പിള്ളി ടിപ്പു സുൽത്താൻ റോഡിൽ താമസിക്കുന്ന അക്ഷയ് പ്രതാപ് പവാറിൻ്റെ പണമാണ് പ്രതികൾ കവർന്നത്. അക്ഷയ് ഇരുചക്രവാഹനത്തിൽ പോകുമ്പോൾ മുറ്റിച്ചൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം വെച്ച്, പുറകിൽ നിന്നും വന്ന ഒരു കാർ മുന്നിൽ കയറി കുറുകെ നിർത്തി. തുടർന്ന് കാറിൽ നിന്നിറങ്ങിയ പ്രതികൾ അക്ഷയ് പ്രതാപിൻ്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച്, ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ സൂക്ഷിച്ച ഷോൾഡർ ബാഗ് പണമുൾപ്പെടെ കവർച്ച ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്തിക്കാട് പോലീസ് കേസെടുത്തിരുന്നു.
കുറ്റകൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച കാറിൻ്റെ സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ വാഹനത്തിൽ പതിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തി. കാർ വന്ന വഴിയേ പിന്നിലേക്ക് നടത്തിയ അന്വേഷണമാണ് ഒടുവിൽ പ്രതികളിലേക്ക് എത്തിയത്. അറസ്റ്റിലായ പ്രതികളിൽ ഒരാളായ ബോബി ഫിലിപ്പ്, വണ്ടിപ്പെരിയാർ, ഗാന്ധിനഗർ, കൈനടി, മുണ്ടക്കയം, തൊടുപുഴ, കരിമണ്ണൂർ, ചെങ്ങന്നൂർ, പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധികളിലായി പതിമൂന്ന് തട്ടിപ്പ് കേസുകളിലും ഒരു മോഷണക്കേസിലും പ്രതിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam