വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. വാർധക്യസഹജമായ അവശതകളും ഒറ്റപ്പെടലുമായിരുന്നു ഇവരെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തൃശൂര്‍: മുള്ളൂർക്കര മണ്ഡലംകുന്നിലെ മൂന്ന് സഹോദരിമാരുടെ ജീവിതം ഒടുവിൽ മരണത്തിലും ഒന്നിച്ചു. മണ്ഡലംകുന്ന് സ്വദേശി ജാനകി (80) കൂടി ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങിയതോടെ ആറ്റൂരിലെ ആ വസതിയിൽ ഇനി ഓർമ്മകൾ മാത്രം ബാക്കി. വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. അന്ന് തന്നെ ഇളയ സഹോദരി സരോജിനി (75) മരിച്ചിരുന്നു. ശനിയാഴ്ച മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മൂത്ത സഹോദരി ദേവകി (83) വിടവാങ്ങി. ഇന്നുണ്ടായ ജാനകിയുടെ വേർപാടോടെ ആ കുടുംബത്തിലെ മൂന്ന് പേരും ലോകത്തോട് വിടപറഞ്ഞു.
വാർധക്യസഹജമായ അവശതകളും ഒറ്റപ്പെടലുമായിരുന്നു ഇവരെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൂവരെയും അവശ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ചെറുതുരുത്തി പൊലീസ് ഇവരെ ഉടൻ തന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായിരുന്നില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തങ്ങളുടെ സ്വത്തുക്കൾ ഒരു ദേവസ്വത്തിന് എഴുതിവെച്ചതായും പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ഒരുമിച്ച് ജീവിച്ച് ഒടുവിൽ ഒരുമിച്ച് യാത്രയായ സഹോദരിമാരുടെ വേർപാട് മുള്ളൂർക്കര ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)



