മീന്‍ കഴിച്ച് വളര്‍ത്തുപൂച്ചകൾ ചത്തു, കുട്ടികള്‍ക്കടക്കം വയറുവേദന; പരിശോധിക്കണമെന്ന് പരാതി

By Web TeamFirst Published Apr 14, 2022, 10:26 AM IST
Highlights

കടകളില്‍ നിന്നും വാങ്ങിയ അയല ഉള്‍പ്പെടെയുള്ള പച്ചമീനിന്റെ അവശിഷ്ടങ്ങള്‍ തിന്ന വളര്‍ത്ത് പൂച്ചകള്‍ ചത്തതായും പാകം ചെയ്ത് കഴിച്ചവര്‍ക്ക് വയറു വേദനയുണ്ടായെന്നും നാട്ടുകാർ പരാതിപ്പെട്ടു. 

നെടുങ്കണ്ടം: കഴിഞ്ഞ ദിവസം മീൻ കഴിച്ച വളർത്തുപൂച്ചകൾ ചത്തതായും വയറുവേദനയെ തുടർന്ന് കുട്ടികളെയടക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പരാതി. ഇടുക്കി തൂക്കുപാലത്താണ് സംഭവം. കടകളില്‍ നിന്നും വാങ്ങിയ അയല ഉള്‍പ്പെടെയുള്ള പച്ചമീനിന്റെ അവശിഷ്ടങ്ങള്‍ തിന്ന വളര്‍ത്ത് പൂച്ചകള്‍ ചത്തതായും പാകം ചെയ്ത് കഴിച്ചവര്‍ക്ക് വയറു വേദനയുണ്ടായെന്നും നാട്ടുകാർ പരാതിപ്പെട്ടു. സംഭവത്തെ തുടർന്ന് മീന്‍ കടകളില്‍ പരിശോധന നടത്തണമെന്ന് കെ.പി.കോളനി പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്ത് നെടുങ്കണ്ടം ഫുഡ് ആന്‍ഡ് സേഫ്ടി ഓഫീസര്‍ക്ക് കത്തി നല്‍കി. കഴിഞ്ഞ ദിവസം തൂക്കുപാലത്തെ മീന്‍ കടകളില്‍ നിന്നു വാങ്ങിയ മത്സ്യം പാകംചെയ്ത കഴിച്ചവര്‍ക്ക്  അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഈ മത്സ്യത്തിന്റെ അവശിഷ്ടം കഴിച്ച് വളര്‍ത്തുപൂച്ച 48 മണിക്കൂറിനുള്ളില്‍ ചാകുകയും ചെയ്തു. 

ഇതിനെ തുടര്‍ന്നാണ് പരാതിയുമായി തൂക്കുപാലം സ്വദേശി സന്തോഷ് കുമാര്‍ കല്ലാര്‍ പട്ടം കോളനി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസിറെ സമീപിച്ചത്.  പാകം ചെയ്ത മത്സ്യം കഴിച്ച നിരവധി കുട്ടികള്‍ വയറുവേദനയായി സമീപത്തെ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. മത്സ്യം കേടുകൂടാതിരിക്കുന്നതിനായി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി സംശയിക്കുന്നതായും വിശദമായ പരിശോധന നടത്തണമെന്നും ഉടുമ്പന്‍ചോല ഫുഡ് ആന്‍ഡ് സേഫ്ടി ഓഫീസര്‍ക്ക്  മെഡിക്കല്‍ ഓഫീസര്‍ നൽകിയ കത്തില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഫിഷറീസ് ഓഫീസറുമായി ചേര്‍ന്ന് അടുത്ത ദിവസം മേഖലയിലെ കടകളില്‍ പരിശോധന നടത്തുമെന്നും ഫുഡ് ആന്‍ഡ് സേഫ്ടി ഓഫീസര്‍ അറിയിച്ചു. 

രാത്രി വീട്ടിലെത്തി പരിശോധന,ഓട്ടോയില്‍ ചാരായം കണ്ടെത്തി,അറസ്റ്റ്, പൊലീസ് കള്ളക്കേസില്‍ കുരുക്കിയെന്ന് ബെന്നി

 

തൃശ്ശൂര്‍: മുരിങ്ങൂരിന് (Muringur) സമീപം മണ്ടിക്കുന്നില്‍ വാറ്റു ചാരായം സൂക്ഷിച്ചെന്ന പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് കള്ളക്കേസില് കുടുക്കിയതായി പരാതി. കഴിഞ്ഞ ക്രിസ്തുമസിന് പിറ്റേന്നുളള രാത്രി ബെന്നിക്ക് ജീവിതത്തില്‍ മറക്കാനാകില്ല. രാത്രി 10 മണിക്ക് വീട്ടിലേക്ക് എത്തിയ പൊലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന ബെന്നിയുടെ മുഖത്ത് വെള്ളമൊഴിച്ച് ഉണര്‍ത്തി. 72 വയസ്സുളള അമ്മയും ബെന്നിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പരിശോധിച്ച് അരലിറ്റര്‍ വാറ്റ് ചാരായം കണ്ടെടുത്തു. ഉടൻ തന്നെ തൊട്ടടുത്ത പറമ്പില്‍ പരിശോധന നടത്തി മൂന്നര ലിറ്റര്‍ വാറ്റു ചാരായം കൂടി കണ്ടെടുത്തു. അനധികൃതമായി മദ്യം കൈവശം വെക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതിന് അറസ്റ്റിലായ ബെന്നി 11 ദിവസം ജയിലില്‍ കിടന്നു.

മദ്യപിക്കുന്ന സ്വഭാവമുണ്ടെങ്കിലും ബെന്നി ഒരിക്കിലും മദ്യവില്‍പന നടത്താറില്ലെന്ന് കുടുംബം പറയുന്നു. അയല്‍വാസിയുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ബെന്നിയെ കള്ളകേസില്‍ കുടുക്കിയെന്നാണ്  പരാതി. കുറ്റം സമ്മതിക്കാൻ പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ബെന്നി എല്ലാ ശനിയാഴ്ചയും കൊരട്ടി സ്റ്റേഷനില്‍ എത്തി ഒപ്പിടണം. ഓട്ടോ ഓടിച്ചാണ് ബെന്നി കുടുംബം പുലര്‍ത്തിയിരുന്നത്. പൊലീസ് പിടിച്ചെടുത്ത വണ്ടി തിരികെ കിട്ടും വരെ എങ്ങനെ ജീവിക്കുമെന്നറിയില്ല. മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. പക്ഷേ റിപ്പോര്‍ട്ട് ഇതുവരെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ബെന്നി വാറ്റു ചാരായം വില്‍ക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് കൊരട്ടി പൊലീസിന്‍റെ വിശദീകരണം.

click me!