
കൊച്ചി: പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 26 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ നാല് പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ രണ്ടരയ്ക്ക് എംസി റോഡിലെ സിഗ്നല്‍ ജംഗ്ഷനിലായിരുന്നു അപകടം. വെളിച്ച കുറവാണ് അപകടകാരണമെന്നും തിരക്കേറിയ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്‍റെ തകരാറ് ഇതുവരെ പരിഹരിച്ചിട്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രയ്ക് പോയി മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 21 വിദ്യാര്‍ഥികളും ഒരു അധ്യാപകനും ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. മൂന്നാറില്‍ നിന്ന് വന്ന ബസ് എംസി റോഡിലേക്ക് കയറാന്‍ ശ്രമിക്കവേയാണ് തൊടുപുഴയിലേക്ക് ചരക്കുമായി എതിരെനിന്നും വന്ന ലോറി ഇടിച്ചത്.
നിയന്ത്രണം വിട്ട ബസ് തൊട്ടടുത്തുള്ള പൊലീസിന്‍റെ ട്രാഫിക് അയലന്‍ഡ് ഇടിച്ച് തകര്‍ത്ത് മറിഞ്ഞു. പരിക്കേറ്റവര്‍ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഒരു വിദ്യാര്‍ഥിയുടെയും അധ്യാപകന്‍റെയും ഭാര്യയുടെയും കുഞ്ഞിന്‍റെയും പരിക്ക് സാരമുള്ളതാണ് ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ബസിന്‍റെയും ലോറിയുടെയും ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. എന്നാല്‍, എംസി റോഡിലെ തിരക്കേറിയ ജംഗ്ഷനില്‍ രാത്രിക്കാലത്തെ അപകടങ്ങള്‍ക്ക് കാരണം വെളിച്ചക്കുറവാണെന്നായിരുന്നു നാട്ടുകാരുടെ പരാതി.
ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞിട്ട് മാസങ്ങളായെന്നും നാട്ടുകാരനായ എസ്ബി പ്രകാശ് പറഞ്ഞു. രാത്രിയായാല്‍ സിഗ്നല്‍ ലൈറ്റുകള്‍ ഓഫാക്കിയിടുന്നതിനാല്‍ അമിത വേഗത്തിലാണ് ഇതുവഴി വാഹനങ്ങല്‍ കടന്നുപോകുന്നത്. ഹൈ മാസ്റ്റ് ലൈറ്റിലെ തകരാര്‍ പരിഹരിക്കാന്‍ ടെന്‍ഡര്‍ വിളിച്ച് കാത്തിരിക്കുകയാണ് പെരുമ്പാവൂര്‍ നഗരസഭ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam