
പാലക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമവാസികളെ ഭീതിയിലാഴ്ത്തി വീട്ട് മുറ്റത്ത് പുലിയെത്തി. വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വളർത്തുനായയെയാണ് പുലി റാഞ്ചിക്കൊണ്ടുപോയത്. വീടിന് തൊട്ടടുത്ത് നടന്ന ഈ സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെയാണ് വീട്ടുകാർ അറിഞ്ഞത്. വളർത്തുനായയെ എല്ലായിടത്തും അന്വേഷിച്ചിട്ടും കാണാതെ വന്നപ്പോഴാണ് വീട്ടുകാർ സിസിടിവി പരിശോധിച്ചത്.
പുലർച്ചെ നടന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കറുത്ത രാത്രിയുടെ മറവിൽ, ഒരു നിഴൽ പോലെ പതുങ്ങിയെത്തിയ പുലി വീട്ടുമുറ്റത്ത് ശാന്തമായി കിടക്കുകയായിരുന്ന വളർത്തുനായക്ക് നേരെ ചാടിവീണു നിമിഷങ്ങൾക്കകം കടിച്ചെടുത്ത് ഇരുട്ടിലേക്ക് മറഞ്ഞുപോകുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി.യിൽ പതിഞ്ഞിരിക്കുന്നത്.
രാവിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. അപ്പോഴേക്കും നായയെ പുലി കൊണ്ടുപോയിരുന്നു. പ്രദേശത്ത് പുലിയെത്തിയെന്ന വിവരം കാഞ്ഞിരപ്പുഴയിലെ നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വീടുകൾക്ക് സമീപം തന്നെ പുലി എത്തിയ സാഹചര്യത്തിൽ കുട്ടികളെ പുറത്തുവിടാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ് ഉടൻതന്നെ ഇടപെട്ട് പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.