
കോഴിക്കോട്: മദ്യം വാങ്ങി മടങ്ങിയ യുവാവിനെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി പുത്തലേടത്ത് വീട്ടില്‍ ബെന്നി ലോയ്ഡി(48)നെയാണ് കസബ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാവമണി റോഡിലെ ബിവറേജസ് കോര്‍പറേഷന്റെ വില്‍പനശാലയില്‍ നിന്ന് പുറത്തിറങ്ങിയ കക്കാട് സ്വദേശിയെ തടഞ്ഞ് വെച്ച് മര്‍ദ്ദിക്കുകയും കത്രിക കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇയാളുടെ കൈയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി എറിഞ്ഞ് പൊട്ടിക്കുകയും കീശയില്‍ കൈയ്യിട്ട് 500 രൂപ കവരുകയും ചെയ്തു.
യുവാവിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മദ്യവില്‍പനശാലക്ക് സമീപത്ത് വച്ച് തന്നെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരേ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മോഷണത്തിനും പിടിച്ചുപറിക്കും അടിപിടി നടത്തിയതിനും കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മറ്റൊരു സംഭവത്തിൽ ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെ ബൈക്കിലെ പെട്രോൾ അടിച്ചുമാറ്റി മോഷ്ടാക്കൾ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സഹോദരങ്ങളായ കള്ളൻമാരെ പൊലീസ് പിടികൂടി. മോഷണത്തിന്‍റെ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കുടശ്ശനാട് പ്രശാന്ത് ഭവനം വീട്ടിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്ഥിരം കുറ്റവാളികളായ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേൽ, ജസ്റ്റിൻ ഡാനിയേൽ എന്നിവരാണ് പ്രതികൾ. ഇരുവരും സഹോദരങ്ങളാണ്.