
പാലക്കാട്: തൃത്താല മലമക്കാവിൽ ജനവാസ മേഖലയിൽ അർദ്ധരാത്രിയിൽ മോഷണശ്രമം. മലമക്കാവ് കുണ്ടിൽ കുളങ്ങര വീട്ടിൽ മണികണ്ഠന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഒന്നരയോടെ മോഷണശ്രമം നടന്നത്. വീട്ടുകാർ ഉറങ്ങിക്കിടക്കവേ ജനലിലൂടെ കൈയിട്ട് അകത്തുകയറാൻ ശ്രമിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീടിന് പുറത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.
മണികണ്ഠന്റെ ഭാര്യയും മക്കളും ഉറങ്ങുകയായിരുന്ന കിടപ്പുമുറിയുടെ ജനലിലൂടെയാണ് മോഷ്ടാവ് കൈ അകത്തേക്ക് ഇട്ടത്. ഈ സമയത്ത് മോഷ്ടാവിന്റെ കൈ ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്ത് തട്ടി. പെട്ടെന്ന് കുട്ടി പേടിച്ചു കരഞ്ഞതോടെ വീട്ടുകാർ ഉണരുകയായിരുന്നു. വീട്ടിൽ ആളുകൾ ഉണർന്നുവെന്ന് മനസ്സിലാക്കിയ മോഷ്ടാവ് ഉടൻ തന്നെ അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.
ആദ്യഘട്ടത്തിൽ എന്താണ് സംഭവിച്ചതെന്ന് വീട്ടുകാർക്ക് വ്യക്തമായിരുന്നില്ല. എന്നാൽ പിറ്റേന്ന് രാവിലെ വീടിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ ജനലിലൂടെ കൈയിടുന്നത് കണ്ടത്. ഇതിനുപിന്നാലെ വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.
വിവരമറിഞ്ഞ് തൃത്താല പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളിൽ പതിഞ്ഞ യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് അടുത്ത കാലത്തായി മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam