
കായംകുളം: നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരമുത്തശ്ശി കടപുഴകി വീണു. എരുവ ക്ഷേത്രത്തിനു പടിഞ്ഞാറ് മാവിലേത്ത് ജംഗ്ഷനിൽ നിന്ന അരയാലും മാവുമാണ് (ആത്മാവ്) കഴിഞ്ഞ ദിവസംരാത്രി രണ്ടു മണിക്ക് ശേഷം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞുവീണത്.
മൂന്ന് റോഡുകളുടെ മധ്യഭാഗത്ത് പ്രൗഢിയോടു തല ഉയർത്തി വഴികാട്ടിയായി നിന്ന മരമുത്തശ്ശിയാണ് നശിച്ചത്. ഒരു വശത്ത് നിരവധി കുട്ടികൾ പഠിക്കുന്ന മാവിലേത്ത് ഗവ. എൽപി സ്കൂളും, മറുവശത്ത് നിരവധി വീടുകളുമാണ്. എന്നാൽ തന്റെ വീഴ്ചയിലും ആർക്കും നാശം വിതച്ചില്ല മരമുത്തിശ്ശി. കടപുഴകി അർധരാത്രിയിൽ റോഡിലേക്കു തന്നെ മറിഞ്ഞുവീഴുകയായിരുന്നു.
വർഷങ്ങളായി ഒരു ഗ്രാമത്തിന്റെ സംസ്കാരവുമായി ആലും മാവും ( ആത്മാവ് ) ഇഴകിചേർന്നിരിന്നു. മാവിന്റെയും ആലിന്റെയും സൗഹ്യദവാസം കൊണ്ടുതന്നെയാവണം, മാവിലേത്ത് എന്ന പേരിൽ പ്രദേശം വർഷങ്ങളായി അറിയപ്പെടുന്നത്.
പ്രദേശത്തെ ഏറ്റവും പ്രായമായവർക്ക് പോലും ഓർമ്മയിൽ മരമുത്തശ്ശിയുടെ പ്രായം പറയാനാകുന്നില്ല. തകർത്തുപെയ്യുന്ന മഴയിലും കാറ്റിലും ഒരു ദേശത്തെ തലമുറകളുടെ ഓർമകൾക്ക് അടിതെറ്റിയതിന്റെ ദു:ഖം മറച്ചുവയ്ക്കുന്നില്ല, പ്രദേശവാസികൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam