
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്ന് വഴിപാടായി സമർപ്പിച്ച കവുങ്ങാണ് സ്തംഭത്തിനായി ഉപയോഗിച്ചത്.
ചെണ്ടമേളങ്ങളുടെയും ഭക്തിനിർഭരമായ അന്തരീക്ഷത്തിന്റെയും അകമ്പടിയോടെയാണ് കവുങ്ങിൻ തടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. കവുങ്ങിൻ തടിയിൽ വാഴക്കച്ചി, തെങ്ങോല, ദേവിക്ക് ഒരു വർഷം ലഭിച്ച ഉടയാടകൾ എന്നിവ പൊതിഞ്ഞുകെട്ടിയാണ് പരമ്പരാഗത രീതിയിൽ കാർത്തിക സ്തംഭം തയ്യാറാക്കിയത്. പൊങ്കാല ദിനത്തിലെ ദീപാരാധനയ്ക്ക് ശേഷം ദേവിയെ പുറത്തേക്ക് എഴുന്നള്ളിച്ച് മണ്ഡപത്തിൽ കിഴക്കോട്ട് അഭിമുഖമായി ഇരുത്തിയ ശേഷമായിരിക്കും സ്തംഭം അഗ്നിക്കിരയാക്കുക. ഇക്കുറി പശ്ചിമ ബംഗാൾ മുൻ ഗവർണർ സിവി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam