
ഇടുക്കി: ചേമ്പളത്തെ ഗുണ്ടാ ആക്രമണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസും ബിജെപിയും. ബ്രാഞ്ച് സെക്രട്ടറിയുടെയും ഡിവൈഎഫ്ഐ പ്രവർത്തകരുടെയും അതിക്രമങ്ങൾ നേതൃത്വം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ഇരു പാർട്ടികളും ആരോപിച്ചു. തിരുവോണ നാളിൽ രണ്ട് കുടുംബങ്ങളിലെ കുട്ടികളടക്കം എട്ടോളം പേർ ചേമ്പളത്ത് ആക്രമിക്കപ്പെട്ടിരുന്നു. അക്രമികൾ മുഴുവൻ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ജോസിയുടെ അടുത്ത അനുയായികളുമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എതിർപ്പുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി ജോസിയുടെ നേതൃത്വത്തിൽ വലിയ അതിക്രമങ്ങൾ മേഖലയിൽ നടക്കുന്നുവെന്നാണ് നാട്ടുകാരും പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോസിയെ ഗുണ്ടാ ലിസ്റ്റിൽപ്പെടുത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്.
ഇത്തരക്കാരെ സിപിഎം സംരക്ഷിക്കുകയാണെങ്കിൽ വലിയ പ്രക്ഷോഭ പരിപാടികളിലേക്ക് പോകുമെന്ന് പ്രതിപക്ഷപാർട്ടികള്‍ മുന്നറിയിപ്പ് നല്കി. അതേസമയം വ്യക്തിപരമായ പ്രശ്നങ്ങളാലാണ് അടിയുണ്ടായതെന്നും, പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam