
തിരുവനന്തപുരം: വൈകല്യങ്ങൾ മറികടന്ന് ചിത്ര നേടിയത് മനക്കരുത്തിന്‍റെ പേറ്റന്‍റ്. പാഴ്ക്കുപ്പികളിൽ കലാവിരുത് തീർത്ത് അതിന്‍റെ ഉടമസ്ഥാവകാശം നേടിയിരിക്കുകയാണ് വിഴിഞ്ഞം മുല്ലൂർ പന നിന്ന തട്ട് വീട്ടിൽ പരേതയായ ആർ. കൃഷ്ണൻ കുട്ടിയുടെയും ജയയുടെയും മകളായ ജെ. ചിത്ര എന്ന മുപ്പതുകാരി. ജന്മനാ ഇരുകൈകൾക്കും അംഗവൈകല്യങ്ങൾ ബാധിച്ച ചിത്ര പക്ഷേ അതിലൊന്നും നിരാശയാകാതെ ജീവിത യാത്രയിൽ സ്വപ്നങ്ങൾ നെയ്യുകയാണ്. കമ്പ്യൂട്ടർ സയൻസിൽ ബിരുദധാരിയായി ചിത്ര കരാട്ടെയിലും ജൂഡോയിലും പരിശീലനം സിദ്ധിച്ചിട്ടുണ്ട്.
ജന്മനാ ചിത്രയുടെ ഇരുകൈൾക്കും നീളക്കുറവും കൈകളിൽ 2 വിരലുകൾ വീതം മാത്രമാണുള്ളതെങ്കിലും വരയും എഴുത്തും കരാട്ടെയും ജൂഡോയും എല്ലാം ചിത്രയ്ക്ക് അനായാസമാണ്. അമ്മയോടൊപ്പമുള്ള പ്രഭാത നടത്തത്തിനിടയിൽ ശേഖരിക്കുന്ന പാഴ് കുപ്പികളിലാണ് ചിത്ര പെയന്‍റും തുണികളും കൊണ്ട് വർണ്ണരൂപങ്ങൾ തീർക്കുന്നത്. അദ്ധ്യാപകരുടെ പൂർണ്ണ പിന്തുണ ലഭിച്ചതോടെ ശാസ്ത്ര ഭവനുമായി ബന്ധപ്പെട്ട് മാർഗ്ഗ നിർദ്ദേശങ്ങൾ തേടി. ഒടുവിൽ തന്‍റെ 'കുപ്പി പാവകൾക്ക്' പേറ്റന്‍റ് എടുക്കാൻ ചിത്ര തീരുമാനിച്ചു. ഭാരിച്ച ചെലവ് ഓർത്ത് വീട്ടുകാർ ആദ്യം എതിർത്തെങ്കിലും ഒടുവിൽ സ്വന്തം സ്വർണ്ണാഭരണങ്ങൾ പണയം വച്ച് ചിത്ര പേറ്റന്‍റിന് അപേക്ഷിച്ചു.
15 വർഷത്തേക്കാണ് ചിത്രയ്ക്ക് പേറ്റന്‍റ് ലഭിച്ചത്. താൻ ജീവിച്ചിരുന്നതിന് തെളിവ് വേണമെന്നാണ് പേറ്റന്‍റ് എടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ചിത്രയുടെ മറുപടി. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ബിരുദധാരിയായ ചിത്രയ്ക്ക് ഇപ്പോള്‍ ഒരു ജോലിയാണ് അത്യാവശ്യം. എൽ ഡി സി റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുണങ്കിലും ടൈപ്പിങ്ങ് അറിയില്ലെന്ന കാരണത്താൽ ചിത്രയ്ക്ക് ജോലി നഷ്ടമായി. ഈ വാശിയിൽ ഇരു കൈകളിലെയും രണ്ട് വിരലുകൾ വീതം ഉപയോഗിച്ച് ടൈപ്പ് റൈറ്റിംഗ് പഠിക്കുകയാണ്. ഒപ്പം ഫാഷൻ ഡിസൈനിംഗിലും ചിത്ര ഒരു കൈനോക്കുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി കൂടിയാണ് ചിത്ര. തന്‍റെ കുപ്പി ചിത്രങ്ങള്‍ക്ക് ആവശ്യക്കാർ എത്തിയാൽ നൽകാൻ തയ്യാറാണെന്നും ചിത്ര പറയുന്നു. ഫോൺ: 9656022417
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam