
കൊച്ചി: കേരള പൊലീസിന്‍റെ ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത തിരോധാനത്തിലെ നായകനായ വി എസ് നവാസ് വീണ്ടും യാത്രക്കൊരുങ്ങുന്നു. നേരത്തെ മേലുദ്യോഗസ്ഥന്‍റെ പീഡനത്തെ തുടർന്ന് നാടുവിട്ടുപോയ മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ഇത്തവണ മേലുദ്യോഗസ്ഥരുടെ അനുമതിയോടെയാണ് യാത്ര പോവുന്നത്. സൈക്കിളില്‍ കശ്മീരിലേക്കാണ് യാത്ര.
മാസങ്ങള്‍ക്ക് മുന്‍പ് മേലുദ്യോഗസ്ഥന്‍റെ പീഡനം സഹിക്ക വയ്യാതെ മനസ്സമാധാനം തേടിയുള്ള യാത്രയായിരുന്നെങ്കിൽ കശ്മീരിലേക്കുള്ള ഈ യാത്ര ജോലിയുടെ ഭാഗമാണ്. ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുന്നതിന് കേരള പോലീസ് സംഘടിപ്പിക്കുന്ന കശ്മീർ യാത്രയിലെ മൂന്നംഗ സംഘത്തിലൊരാളാണ് നവാസ്. മയക്കുമരുന്നിനെതിരെ സൈക്ലിംഗ് ലഹരിയാക്കൂ എന്നതാണ് യാത്രയുടെ മുദ്രാവാക്യം. നാളുകളായി കൊതിച്ച യാത്ര യാഥാർത്ഥ്യമാകുന്നതിന്‍റെ സന്തോഷത്തിലാണ് നവാസ്.
നാളെ രാവിലെ എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ഓഫിസിൽ നിന്നാണ് സംഘം യാത്ര തിരിക്കുക. സൈക്കിള്‍ യാത്ര കമ്മീഷണർ വിജയ് സാഖറെ ഫ്ലാഗ് ഓഫ് ചെയ്യും. സിവിൽ പോലീസ് ഓഫീസർമാരായ എം കെ വിനിൽ, അലക്സ് വർക്കി എന്നിവരാണ് നവാസിനൊപ്പമുള്ളവർ. 50 ദിവസം കൊണ്ട് കശ്മീരിലെത്താമെന്നാണ് പ്രതീക്ഷ. ഒരു ദിവസം 150 കിലോമീറ്റർ സഞ്ചരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam