'നിധിൻ സാറെ സ്കൂളിലേക്കൊന്നു വരണം'; ഓടിയെത്തി സംസാരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് പെൺകുട്ടി, വായിക്കണം ഈ കുറിപ്പ്

Published : Oct 10, 2023, 07:39 PM ISTUpdated : Oct 10, 2023, 07:43 PM IST
'നിധിൻ സാറെ സ്കൂളിലേക്കൊന്നു വരണം'; ഓടിയെത്തി സംസാരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് പെൺകുട്ടി, വായിക്കണം ഈ കുറിപ്പ്

Synopsis

ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥനായ നിധിൻ വിവരം തിരക്കിയതോടെ പെൺകുട്ടി പൊട്ടിക്കരഞ്ഞ് കാര്യം പറഞ്ഞു. 'സാറിന്റെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞതിനുശേഷം ഞാൻ ഉറങ്ങിയിട്ടില്ല. എനിക്ക് ഒരു ആൺകുട്ടിയോട് സ്നേഹമാണ്. അവൻ എന്നേയും സ്നേഹിക്കുന്നു'.

തൃശ്ശൂർ: കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ്, പ്രത്യേകിച്ച് പെൺകുട്ടികള്‍ക്ക്. കൗമാര കാലത്തെ പ്രണയവും മറ്റ് ചങ്ങാത്തങ്ങളുമൊക്കെ ചിലപ്പോഴൊക്കെ അവരെ ചതിക്കുഴികളിലും വലിയ മാനസിക സമ്മർദ്ദങ്ങളിലും അകപ്പെടാറുണ്ട്. ഇത്തരം ചതിക്കുഴികളൊഴിവാക്കാൻ കേരള പൊലീസ് വിദ്യാർത്ഥികള്‍ക്കിടയിൽ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പതിവാണ്. അത്തരത്തിൽ തൃശ്ശൂരിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചതിന് പിന്നാലെ പൊലീസുകാരന് വന്ന ഒരു ഫോൺ കോളിനെക്കുറിച്ച് തൃശ്ശൂർ സിറ്റി പൊലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

ക്ലാസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അധ്യാപിക പൊലീസ് ഉദ്യോഗസ്ഥനായ നിധിനെ വിളിച്ച് അടിയന്തരമായി സ്കൂളിലേക്ക് എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരുകുട്ടി സാറിനെ കാണണമെന്ന് പറഞ്ഞ് കരയുന്നു, ഞങ്ങള്‍ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല, സാറിനോട് മാത്രമേ സംസാരിക്കു എന്നാണ് പറയുന്നത്- അധ്യാപിക പറഞ്ഞു. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥനായ നിധിൻ വിവരം തിരക്കിയതോടെ പെൺകുട്ടി പൊട്ടിക്കരഞ്ഞ് കാര്യം പറഞ്ഞു. 'സാറിന്റെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞതിനുശേഷം ഞാൻ ഉറങ്ങിയിട്ടില്ല.  എനിക്ക് ഒരു ആൺകുട്ടിയോട് സ്നേഹമാണ്. അവൻ എന്നേയും സ്നേഹിക്കുന്നു.  കഴിഞ്ഞ ദിവസം അവൻ എന്നോട് എന്റെ ഒരു നഗ്ന ഫോട്ടോ ആവശ്യപ്പെട്ടു. എനിക്ക് അത് നിരസിക്കാൻ കഴിഞ്ഞില്ല'- പെൺകുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു.  പ്രശ്നം കേട്ട് ഒടുവിൽ നിധിൻ പരിഹാരം നിർദ്ദേശിച്ചതോടെയാണ് പെൺകുട്ടി കരച്ചിൽ നിർത്തിയത്. 

തൃശൂർ സിറ്റി പൊലീസിനവ്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഇത് കെ. എൻ. നിധിൻ. പാവറട്ടി പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ. നന്നായി സംസാരിക്കുന്ന സ്വഭാവക്കാരൻ. സ്കൂളുകളിലും, കോളേജുകളിലും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യാപക രക്ഷാകർതൃ സമിതി യോഗങ്ങളിൽ  ജനമൈത്രി പൊലീസിനെ പ്രതിനിധീകരിച്ച് നിധിൻ പങ്കെടുക്കാറുണ്ട്. 
ഇക്കഴിഞ്ഞദിവസം പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗേൾസ് സ്കൂളിൽ പി.ടി.എ യോഗം നടന്നിരുന്നു. യോഗത്തിനുമുന്നോടിയായി കുട്ടികൾക്കുവേണ്ടിയുള്ള ഒരു അവബോധന ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പൊലീസുദ്യോഗസ്ഥനെന്ന നിലയിൽ നിധിൻ ആയിരുന്നു ക്ലാസ് നയിച്ചത്.

പുതിയ തലമുറയിലെ കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, സൈബർ രംഗത്തെ ചതിക്കുഴികൾ, വീടിനകത്തും പൊതുസ്ഥലത്തും കുട്ടികൾ പാലിക്കേണ്ട സുരക്ഷ നിർദ്ദേശങ്ങൾ തുടങ്ങി, തന്റെ പൊലീസ് ജീവിതത്തിൽ കണ്ടുമുട്ടിയ സാഹചര്യങ്ങളെ കോർത്തിണക്കി, നിധിൻ തന്റെ അവബോധന ക്ലാസ്സ് തുടർന്നു. കുട്ടികൾ വളരെ ആകാംക്ഷയോടെ കേട്ടിരുന്നു. ക്ലാസ്സ് കഴിഞ്ഞ്, കുറേ കുട്ടികൾ നിധിന്റെ ചുറ്റും കൂടി. അവർ പിന്നേയും പിന്നേയും സംശയങ്ങൾ ചോദിച്ചു. അവക്കെല്ലാം കൃത്യമായ  മറുപടി. സ്നേഹത്തോടെയുള്ള ഉപദേശങ്ങൾ. തിരികെ പോരുമ്പോൾ തന്റെ മൊബൈൽഫോൺ നമ്പർ ടീച്ചറുടെ കൈവശം കൊടുത്തു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ. 

ഒന്നു രണ്ടു ദിവസം കഴിഞ്ഞു. പൊലീസ് സ്റ്റേഷനിലെ തന്റെ ഡ്യൂട്ടികളുമായി തിരക്കിലായിരുന്നു നിധിൻ. അപ്പോഴാണ് ഒരു ടെലിഫോൺ കോൾ. കഴിഞ്ഞ ദിവസം ക്ലാസ്സെടുത്ത സ്കൂളിലെ ടീച്ചറാണ്.  സർ, അത്യാവശ്യമായി ഒന്നിവിടെവരെ വരുമോ ? എന്താ കാര്യം. ഒമ്പതാം ക്ലാസ്സിലെ ഒരു കുട്ടിക്ക് സാറിനെ കാണണം.
എത്രയും പെട്ടെന്ന് സാറ് ഇവിടം വരെ വരണം.  ടീച്ചറുടെ ഫോൺ വിളിയിലെ അസ്വാഭാവികത മനസ്സിലാക്കി, നിധിൻ അപ്പോൾ തന്നെ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. നേരെ സ്കൂളിലെത്തി. ഹെഡ്മിസ്ട്രസ്സിന്റെ മുറിയിലേക്ക് നടന്നു.  ടീച്ചർമാരെല്ലാവരും അവിടെ വട്ടം കൂടി നിൽക്കുകയായിരുന്നു.  സാറിനെ കാണണമെന്നു പറഞ്ഞ് ഇവൾ നിർബന്ധിക്കുകയാണ്. ഞങ്ങൾ എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല. സാറിനോടുമാത്രമേ പറയൂ എന്നാണ് ഇവൾ പറയുന്നത്.  ഹെഡ്മിസ്ട്രസ്സിന്റെ മേശക്കുമുന്നിൽ മുഖം പൊത്തി കരയുന്ന പെൺകുട്ടിയെ ചൂണ്ടി ടീച്ചർമാർ അവരുടെ നിസ്സഹായാവസ്ഥ വിവരിച്ചു.  എല്ലാവരുടേയും മുന്നിൽ വെച്ച് എങ്ങിനെ കുട്ടിയോട് സംസാരിക്കും ? നിധിൻ കുട്ടിയെ സമാധാനിപ്പിച്ചു. 

എന്തുകാര്യമുണ്ടെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം. ആശ്വാസം നൽകുന്ന വാക്കുകൾ നൽകി.  ആളൊഴിഞ്ഞ വരാന്തയിലൂടെ അവളെ കൂടെക്കൂട്ടി നടന്നു.
പെൺകുട്ടി ആത്മവിശ്വാസം വീണ്ടെടുത്തു എന്നു തോന്നിയപ്പോൾ നിധിൻ ചോദിച്ചു. എന്താ മോളേ, നിന്റെ പ്രശ്നം ? ധൈര്യമായി പറഞ്ഞോളൂ. സർ, 
ഞാൻ രണ്ടു മൂന്നു ദിവസമായി ഉറങ്ങിയിട്ട്. സാറിന്റെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞതിനുശേഷം ഞാൻ ഉറങ്ങിയിട്ടില്ല. അവൾ പറഞ്ഞു തുടങ്ങി.
സൈബർ ചതിക്കുഴികളെക്കുറിച്ച് സാറിന്റെ ക്ലാസ്സിൽ പറഞ്ഞതു മുഴുവൻ സത്യമാണ്. എനിക്ക് ഒരു ആൺകുട്ടിയോട് സ്നേഹമാണ്. അവൻ എന്നേയും സ്നേഹിക്കുന്നു. ഞങ്ങൾ രണ്ടുപേരും വാട്സ്ആപ്പിലും സ്നാപ്പ് ചാറ്റിലുമൊക്കെ ധാരാളം ചാറ്റിങ്ങ് ചെയ്യാറുണ്ട്. അവന്റേയും എന്റേയും ഫോട്ടോകളും, വീഡിയോകളുമൊക്കെ പരസ്പരം ഷെയർ ചെയ്യും. കഴിഞ്ഞ ദിവസം അവൻ എന്നോട് എന്റെ ഒരു Nude ഫോട്ടോ ആവശ്യപ്പെട്ടു. എനിക്ക് അത് നിരസിക്കാൻ കഴിഞ്ഞില്ല.  എന്റെ Nude ഫോട്ടോ തരാൻ പറ്റില്ല എന്നു പറഞ്ഞാൽ അവന് എന്നോട് ഇഷ്ടമില്ലാതാകും. നിനക്ക് എന്നെ വിശ്വാസമില്ലേ എന്നാണ് അവന്റെ ചോദ്യം. അവന്റെ ആഗ്രഹത്തിനനുസരിച്ച് ഞാൻ എന്റെ നഗ്ന ഫോട്ടോ അയച്ചു കൊടുത്താൽ, സാറ് ഇന്നലെ ക്ലാസ്സിൽ പറഞ്ഞതുപോലെ സംഭവിക്കുമോ എന്നാണ് എനിക്ക് പേടി. അതുകൊണ്ട് ഞാനിപ്പോൾ വലിയ ബുദ്ധിമുട്ടിലാണ് സാറേ.... പെൺകുട്ടി  അനുഭവിക്കുന്ന മാനസിക സംഘർഷം നിധിൻ തിരിച്ചറിഞ്ഞു. 

നിധിൻ പെൺകുട്ടിയോട് പറഞ്ഞത് ഇങ്ങനെ:

“No എന്ന് പറയേണ്ടിടത്ത് No എന്നു തന്നെ പറയാൻ കഴിയണം.  സമൂഹമാധ്യമത്തിൽ എന്നല്ല, ഇന്റർനെറ്റിൽ ഒരു തവണ ഒരു നഗ്നചിത്രം കൈമാറിയാൽ അത് പിന്നീട് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയുകയില്ല.” “എത്ര നല്ല സുഹൃത്തായിരുന്നാലും ശരി, നമ്മൾ അയച്ചു കൊടുക്കുന്ന നഗ്നചിത്രം ഒരിക്കലും ദുരുപയോഗം ചെയ്യുകയില്ലെന്ന് പറയാൻ കഴിയുകയില്ല.  പെൺകുട്ടികൾക്കും, സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ആരംഭിക്കുന്നത് ഇത്തരത്തിലുള്ള ലൈംഗിക ചൂഷണമാണ്. ഒരിക്കൽ ചിത്രം അയച്ചു നൽകിയാൽ അതിനുവേണ്ടി വീണ്ടും വീണ്ടും അവർ ആവശ്യപ്പെടും.  ആവശ്യപ്പെടുന്നത് നൽകിയില്ലെങ്കിൽ അവരുടെ കൈവശമുള്ള നമ്മുടെ നഗ്നചിത്രങ്ങൾ മറ്റുള്ളവർക്ക്  അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. അങ്ങിനെ അത് വലിയ കുറ്റകൃത്യമായി പരിണമിക്കും.” “കുട്ടി ഇപ്പോൾ ഒമ്പതാം ക്ലാസ്സിലല്ലേ പഠിക്കുന്നത്. ഇപ്പോൾ നമുക്ക് നന്നായി പഠിക്കാൻ ശ്രമിക്കാം. അതിനുശേഷം, മുതിർന്ന കുട്ടിയാകുമ്പോൾ, സ്വന്തം നിലയിൽ നിൽക്കാൻ കഴിയുമ്പോൾ, ഇഷ്ടപ്പെട്ടയാളെ സ്നേഹിക്കുകയും, വിവാഹം കഴിക്കുകയുമൊക്കെ ചെയ്യാം.  അതുവരേയും കുട്ടി നന്നായി പഠിക്കുകയും, മികച്ചവളായി മാറുകയും വേണം.” 

പോലീസുദ്യോഗസ്ഥനായ നിധിന്റെ വാക്കുകളിൽനിന്നും അവൾക്ക് പുതു ഊർജ്ജം ലഭിച്ചു. അവൾതന്നെ അവളുടെ സങ്കടങ്ങൾ ക്ലാസ്സ് ടീച്ചറോട് തുറന്നു പറഞ്ഞു. അവരെല്ലാം അവളുടെ ഒപ്പം നിന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും മിടുക്കിയായ അവൾ ഇന്ന് സ്കൂളിലെ മികച്ച വിദ്യാർത്ഥിമാത്രമല്ല, മറ്റുള്ളവർക്ക് മാതൃക കൂടിയാണ്.  നിധിനെപ്പോലുള്ള എത്രയെത്ര പോലീസുദ്യോഗസ്ഥരാണ് വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുടെ കണ്ണീരൊപ്പുകയും ചെയ്യുന്നത്. അത്തരത്തിലൊരു സംഭവം മാത്രമാണിത്. സിവിൽ പൊലീസ് ഓഫീസർ കെ.എൻ. നിധിൻ, താങ്കൾക്ക് തൃശൂർ സിറ്റി പൊലീസിന്റെ അഭിനന്ദനങ്ങൾ.

Read More : നുഴഞ്ഞുകയറി, കാറിൽ കുതിച്ചെത്തി ഹമാസ് സംഘം, ബൈക്കിൽ പിന്തുടർന്ന് വെടിവെച്ച് കൊന്ന് ഇസ്രയേൽ പൊലീസ്- വീഡിയോ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം