
തിരുവനന്തപുരം: ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളുമായുള്ള തർക്കത്തെ തുടർന്ന് എസ്ഐയുടെ ഭാര്യ ഒറ്റയ്ക്ക് ലോഡ് ഇറക്കി. വീട്ടുടമയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപികയുമായ തച്ചോണം പ്രിയ നിവാസിൽ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തിൽ നിന്നു ഭാരമുള്ള 150 തറയോടുകൾ ഇറക്കിയത്. വീട് നിർമാണത്തിന് കൊണ്ടു വന്ന തറയോടുകൾ ഇറക്കുന്നതിന് സമീപത്തെ സിഐടിയു തൊഴിലാളികൾ അമിത കൂലി ചോദിച്ചെന്ന് പ്രിയ പ്രതികരിക്കുന്നത്. തച്ചോണം മുസ്‌ലിം പള്ളിക്ക് സമീപത്തു നിന്നു കിളിമാന്നൂർ റോഡിലാണ് പ്രിയ നിർമിക്കുന്ന വീട്. വെഞ്ഞാറമൂട്ടിൽ നിന്നാണ് തറയോടുകൾ കൊണ്ട് വന്നത്. ബുധനാഴ്ച രാത്രി വീടിനു മുന്നിൽ ടൈൽസുമായി ലോറി എത്തിയപ്പോൾ ഇറക്കുന്നതിന് തൊഴിലാളികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. വീടിൻ്റെ കോംപൗണ്ടിൽ വാഹനം കയറ്റിയെങ്കിലും തറയോടുമായി എത്തിയ വാഹനത്തിലെ ജോലിക്കാരെക്കൊണ്ട് പ്രദേശവാസികളായ തൊഴിലാളികൾ ലോഡ് ഇറക്കാൻ സമ്മതിച്ചില്ല. വീടിൻ്റെ കോംപൗണ്ടിൽ വാഹനം കയറ്റി പ്രിയയും ഭർത്താവും ലോഡ് ഇറക്കണമെന്നും മറ്റാരെയും ലോഡ് ഇറക്കാൻ പാടില്ലെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. ഇതോടെ വീടിന്റെ കോംപൗണ്ടിൽ കയറ്റിയ വാഹനത്തിൽ നിന്നു പ്രിയ ഒറ്റയ്ക്ക് തറയോടുകൾ ഇറക്കുകയിരുന്നു.
പ്രിയ സ്വന്തമായി ലോഡ് ഇറക്കി തീരുന്നത് വരെ തൊഴിലാളികൾ ഗേറ്റിന് സമീപത്ത് നിന്നു. വനിതാ പഞ്ചായത്ത് അംഗവും സ്ഥലത്ത് ഉണ്ടായിരുന്നു. പ്രിയ അറിയിച്ചത് പ്രകാരം പാങ്ങോട് പൊലീസ് സ്റ്റേഷനിൽ നിന്നു പൊലീസുകാരും എത്തിയിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും പ്രിയ ലോഡ് ഇറക്കിയിരുന്നു.
പ്രിയയുടെ ഭർത്താവ് ഐ.വി.വിനോദ് മലപ്പുറത്ത് എസ്ഐ ആണെന്നതിനാൽ ഇദ്ദേഹം സ്ഥലത്തുണ്ടായില്ല. വെഞ്ഞാറമൂട്ടിൽ വച്ച് വാഹനത്തിലേക്ക് കയറ്റാൻ നൽകിയ കൂലിയെക്കാൾ കൂടുതലാണ് തൊഴിലാളികൾ ചോദിച്ചതെന്നാണ് പ്രിയയയുടെ ആരോപണം. എന്നാൽ ഒരു തറയോടിന് 2 രൂപ വച്ച് 300 രുപ കൂലി മാത്രമാണ് ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് പ്രവർത്തക കൂടിയായ ഇവർ രാഷ്ട്രീയ വിരോധത്താൽ ആരോപണം ഉന്നയിക്കുകയാണെന്നും പ്രദേശത്തെ സിപിഎം- സിഐടിയു നേതാക്കൾ പറയുന്നത്.
ഇവിടെ വീട് നിർമാണത്തിന് സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നടന്നിട്ടുണ്ട്. വല്ലപ്പോഴും മാത്രമാണ് പ്രദേശത്ത് ഇത്തരം ലോഡ് വരുന്നതെന്നും അമിത കൂലി ആവശ്യപ്പെടാറില്ലെന്നും പഞ്ചായത്ത് അംഗവും പ്രതികരിച്ചു. ഇവിടെ ഉള്ളവരിൽ കൂടുതലുംപാവപ്പെട്ട തൊഴിലാളികൾ ആണ്. അവർ സാധാരണ ഇറക്കുന്ന കൂലി മാത്രമാണ് ആവശ്യപ്പെട്ടതെന്നും പഞ്ചായത്ത് അംഗം പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം