
മലപ്പുറം: കുടുംബാംഗങ്ങളോടൊപ്പം വീടിനടുത്തുള്ള കായലിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു. ഇരിങ്ങാവൂർ - മണ്ടകത്തിൽ പറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ (13) ആണ് ദാരുണമായി മരണപ്പെട്ടത്. വളവന്നൂർ ബാഫഖി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മിൻഹ.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാതാവിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം വീടിന് സമീപത്തെ കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു മിൻഹ. കുളിക്കുന്നതിനിടെ കുട്ടി വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഉടൻതന്നെ കരക്കെത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർനടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നജ്‌ലാബിയാണ് മാതാവ്. മിൻഹയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്. ഈ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.