മഴക്കാല ശുചീകരണം എങ്ങുമെത്തിയില്ല, മാന്നാറിലെ റോഡരികുകളിൽ മാലിന്യങ്ങൾ കുന്നുകൂടി

By Web TeamFirst Published May 10, 2020, 9:41 AM IST
Highlights

തിരുവല്ല - കായംകുളും സംസ്ഥാനപതയിൽ മാന്നാർ പോസ്റ്റോഫീസ്, കുറ്റിയിൽ ജങ്ഷൻ, വലിയപെരുമ്പുഴ-തട്ടാരമ്പലം റോഡ് എന്നിവിടങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്...

ആലപ്പുഴ: മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താത്തതിനാൽ മാന്നാർ പഞ്ചായത്തിലെ പാതയോരങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നു. പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള പാതയോരങ്ങളിലും ഇടറോഡുകളിലും മാലിന്യ നിക്ഷേപം വർധിച്ചു വരികയാണ്. മഴയും വെയിലുമേറ്റ് ഇവ ചീഞ്ഞളിഞ്ഞ് പരിസരമാകെ ദുർഗന്ധം പരത്തുകയാണ്. 

തിരുവല്ല - കായംകുളും സംസ്ഥാനപതയിൽ മാന്നാർ പോസ്റ്റോഫീസ്, കുറ്റിയിൽ ജങ്ഷൻ, വലിയപെരുമ്പുഴ-തട്ടാരമ്പലം റോഡ് എന്നിവിടങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. മാന്നാർ പോസ്റ്റാഫീസിന് മുൻവശത്തുള്ള കാനയിൽമണ്ണും മാലിന്യവും നിറഞ്ഞ് വെള്ളം ഒഴുകി പോകാൻ കഴിയത്തവസ്ഥയിലാണ്. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് യാത്രക്കാരെയും, വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. 

ഇപ്പോൾ കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാന്നാറിലെ വഴിയോര കച്ചവടം ഒഴിപ്പിച്ചെങ്കിലുംവഴിയരികിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. മൂടി കിടക്കുന്ന കാനകൾ മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കിയാൽ ഈ ഭാഗത്ത് വെള്ളക്കെട്ടിന് പരിഹാരമാകും.

മലിന്യ നിക്ഷേപം നീക്കം ചെയ്ത് ശുചികരണ പ്രവർത്തനങ്ങൾ നടത്തുവാൻ പഞ്ചായത്തോ, ആരോഗ്യ വകപ്പോ നാളിതുവരെ തയ്യാറായിട്ടില്ല. കാനയിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളം ഒഴുക്കി വിടാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം. 

click me!