
എടക്കര: യുവതികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്ന മൊബൈൽ ഷോപ്പ് ജീവനക്കാരൻ പിടിയിൽ. മുക്കം ഓടക്കയം സ്വദേശി പാറടിയിൽ കെൽവിൻ ജോസഫ് (22) നെയാണ് വഴിക്കടവ് എസ്ഐ ബിനു അറസ്റ്റ് ചെയ്തത്.
പ്രതി ജോലി ചെയ്യുന്ന അരീക്കോട് ടൗണിലെ ഫോറിൻ ബസാറിലെ മൊബൈൽ ഷോപ്പിൽ ജനുവരിയിൽ അരീക്കോട് ഉഗ്രപുരം സ്വദേശിയായ നേസൻ (65) വിൽപ്പന നടത്തിയ തന്റെ മകളുടെ ഫോണിലുണ്ടായിരുന്ന സിം കാർഡ് പ്രതി രഹസ്യമായി സൂക്ഷിച്ച് വച്ചിരുന്നു.
അതിൽ നിന്നും ഏപ്രിൽ 14 ന് മഞ്ചേരിയിൽ നിന്നും വഴിക്കടവിലേക്ക് വിവാഹം ചെയ്തയച്ച യുവതിയുടെ ഫോണിലേക്ക് വാട്‌സാപ്പ് വഴി ഇയാൾ അശ്ലീല സന്ദേശമയച്ചു. സന്ദേശം വന്ന ഫോൺ നമ്പറിലേക്ക് യുവതിയും ബന്ധുക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നാലെ വഴിക്കടവ് പൊലീസിൽ യുവതി പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലായത്. കടയിൽ നിന്നും ഉടമയറിയാതെ രഹസ്യമായി കൈവശംവച്ച യുവതിയുടെ സിം നമ്പർ ഉപയോഗിച്ച് മറ്റൊരു ഫോണിൽ തുടങ്ങിയ വാട്‌സാപ്പ് അക്കൗണ്ടിൽ നിന്നാണ് യുവതികൾക്ക് സന്ദേശമയച്ചിരുന്നത്.
അരീക്കോട്ടുള്ള മൊബൈൽ നമ്പർ ഉടമയെ പൊലീസ് ബന്ധപ്പെട്ടപ്പോൾ അവർ അരീക്കോട് മൊബൈൽ ഷോപ്പിൽ വിറ്റ ഫോണിലുണ്ടായിരുന്ന സിമ്മാണിതെന്ന് കണ്ടെത്തി. എന്നാൽ, കടക്കാരൻ ഇക്കാര്യം നിഷേധിച്ചതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഷോപ്പ് ജീവനക്കാരനായ കെൽവിൻ പിടിയിലായത്.
പരാതിക്കാരിയുടെ സഹപാഠിയായിരുന്നു കെൽവിനെന്ന് യുവതി തിരിച്ചറിഞ്ഞത് സ്റ്റേഷനിൽ വെച്ച് കണ്ടപ്പോഴായിരുന്നു. വിവാഹം ക്ഷണിക്കാനായി യുവാവിനെ വിളിച്ച നമ്പർ സൂക്ഷിച്ച യുവാവ്, ഇവർ അറിയാതെ അശ്ലീല ചാറ്റിങ്ങിലൂടെ യുവതിയെ ചതിയിൽ വീഴ്ത്താനുള്ള ശ്രമമായിരുന്നു. ഇതാണ് പൊലീസ് അന്വേഷണത്തിൽ പൊളിഞ്ഞത്. പ്രതി ഇതുപോലെ പല സ്ത്രീകളുടെ മൊബൈലിലേക്കും പ്രതി അശ്ലീല മെസ്സേജുകൾ അയക്കാറുണ്ടെന്ന് അന്വേഷണത്തിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസടുത്ത പ്രതിയെ രക്ഷിതാക്കളുടെ ജാമ്യത്തിൽ വിട്ടയച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam