
സുല്‍ത്താന്‍ ബത്തേരി: വയനാടിനോട് അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയുടെ ഗുണ്ടല്‍പേട്ട് താലൂക്കില്‍ വെളുത്തുള്ളി കര്‍ഷകര്‍ക്കിത് കണ്ണീര്‍ക്കാലം. മൂപ്പ് എത്താത്ത വെളുത്തുള്ളി കനത്ത മഴ കാരണം പറിച്ചെടുക്കേണ്ട ഗതികേടിലാണ് നൂറ്കണക്കിന് കര്‍ഷകര്‍. ക്വിന്റലിന് 20000 രൂപ വെച്ച് കര്‍ഷകരില്‍ നിന്ന് സംഭരിച്ച് തമിഴ്‌നാട്ടിലെ മേട്ടുപാളയം മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകുകയാണ് ഇടനിലക്കാര്‍. കേരളത്തിലേതിന് സമാനമായ രീതിയിലാണ് ഇത്തവണ ഗുണ്ടല്‍പേട്ടില്‍ മഴ ലഭിച്ചു വരുന്നത്. വിളവെടുപ്പിന് സമയമായിട്ടില്ലെങ്കിലും ഉള്ളി ചീഞ്ഞ് പോകുമെന്ന ആശങ്കയില്‍ ഉള്ള മൂപ്പില്‍ പറച്ചെടുക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ചെടികളില്‍ മഴ കൂടുതല്‍ ലഭിച്ചാല്‍ വിളവ് കുറയാനും സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. പറിച്ചെടുക്കുന്ന ഉള്ളി തരംതിരിക്കാനും കനത്ത മഴ വെല്ലുവിളിയാവുന്നുണ്ട്. ഫസ്റ്റ് ക്വാളിറ്റി ഉള്ളിക്ക് മാത്രമാണ് ക്വിന്റലിന് 20000 രൂപ ലഭിക്കുന്നത്. പിന്നീട് വരുന്ന ഏത് തരം ഉള്ളിക്കും വില കുറച്ചാണ് കര്‍ഷകരിൽ നിന്ന് ഇടനിലക്കാർ എടുക്കുന്നത്. നിലവില്‍ മഴ പെയ്തിട്ടും ഒന്നാംകിട ഉള്ളിക്ക് മുമ്പ് ഉണ്ടായിരുന്ന വില തന്നെ ലഭിക്കുന്നുണ്ട്.
എന്നാല്‍ വിളവ് കുറഞ്ഞുപോയത് ശരിക്കും ബാധിച്ചിട്ടുള്ളതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ കൃത്യമായി ഇടവേളകളില്‍ മാത്രമായിരുന്നു ഗുണ്ടല്‍പേട്ടില്‍ മഴ പെയ്തിരുന്നത്. എന്നാല്‍ ഇത്തവണ കേരളത്തിലേതിന് സമാനമായി കാലാവസ്ഥ മാറ്റം ഉണ്ടായിരിക്കുകയാണ് ഇവിടെ. മിക്ക ദിവസങ്ങളില്‍ ഉച്ചത്തിരിഞ്ഞാല്‍ മഴയായിരിക്കും. പൂക്കൃഷിയുടെ വിളവെടുപ്പിനെയും ദിവസവും ഉള്ള മഴ ബാധിക്കുന്നുണ്ട്. വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഗുണ്ടല്‍പേട്ടില്‍ വെളുത്തുള്ളി, കിഴങ്ങ്, ക്യാബേജ്, കാരറ്റ്, ചെറിയ ഉള്ള തുടങ്ങിയവയാണ് പ്രധാന കൃഷികള്‍.
കുറച്ചു വര്‍ഷങ്ങളായി ചെണ്ടുമല്ലി, സൂര്യകാന്തി പൂക്കളുടെ കൃഷിയും ഇക്കാലങ്ങളില്‍ നടക്കുന്നുണ്ട്. പൂക്കള്‍ ഒഴികെയുള്ളവ നടീല്‍ കഴിഞ്ഞ് മൂന്ന് മാസത്തിനകം വിളവെടുക്കാനാകുന്ന കൃഷികളാണ്. വര്‍ഷത്തില്‍ ഒരു കൃഷിയിടത്തില്‍ നാല് തവണയെങ്കിലും വിവിധ വിളകള്‍ ഇറക്കി ലാഭം കണ്ടെത്തുന്നവരാണ് കര്‍ണാടക കര്‍ഷകര്‍. എന്നാല്‍ കാലാവസ്ഥ മാറ്റം ഇവരെ ശരിക്കും ബാധിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം