
പന്തളം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പന്തളം കുളനടയിൽ പൊലീസും ആർ എസ് എസ് - ബി ജെ പി പ്രവർത്തകരും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ നടന്ന പരിശോധനയുടെ പേരിൽ പൊലീസ് അതിക്രമം കാട്ടിയെന്ന പരാതിയുമായി ബി ജെ പി പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ആർ എസ് എസ് നേതാവിന്റെ മുണ്ട് വലിച്ചൂരാൻ ശ്രമിച്ചുവെന്നടക്കമുള്ള ആരോപണവുമായി പ്രവർത്തകർ പ്രതിഷേധിച്ചു. കൊടുമൺ സി ഐ അടക്കമുള്ളവർക്കെതിരെയാണ് ആർ എസ് എസ് പ്രവർത്തകർ ആരോപണം ഉയർത്തിയത്. സംഭവത്തിൽ പ്രകോപിതരായ ആർ എസ് എസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ശക്തമായി. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിനെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ബി ജെ പി - ആർ എസ് എസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam