
കൊച്ചി: ആഴക്കടലിന്റെ അറിയാകാഴ്ചകള്‍ കാണാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) അവസരമൊരുക്കുന്നു. 73-ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കൗതുകമുണര്‍ത്തുന്ന കടലറിവുകള്‍ ചൊവ്വാഴ്ച സിഎംഎഫ്ആര്‍ഐ പൊതുജനങ്ങള്‍ക്കായി തുറന്നിടും.
കടല്‍ ജൈവവൈവിധ്യങ്ങളുടെ അപൂര്‍വ ശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വര്‍ണമത്സ്യങ്ങളുടെ കാഴ്ചകള്‍ സമ്മാനിക്കുന്ന മറൈന്‍ അക്വേറിയം എന്നിവയ്ക്ക് പുറമെ, ഈ മേഖലയില്‍ വര്‍ഷങ്ങളായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവിധ പരീക്ഷണശാലകളും പൊതുജനങ്ങള്‍ക്കായി തുറന്നിടും. പ്രവേശനം സൗജന്യമാണ്.
ആയിരത്തോളം മത്സ്യയിനങ്ങളും സമുദ്ര ജൈവവൈവിധ്യങ്ങളും അടങ്ങുന്നതാണ് നാഷണല്‍ മറൈന്‍ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം. ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, കടല്‍ പശു, സണ്‍ ഫിഷ്, വിഷമത്സ്യങ്ങള്‍, കടല്‍ പാമ്പുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍കുതിര, നീലതിമിംഗലങ്ങളുടെയും പെന്‍ഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാര്‍ട്ടിക്കന്‍ ക്രില്‍, വിവിധയിനം ശംഖുകള്‍ തുടങ്ങി കടലിലെ വൈവിധ്യമായ സസ്യജന്തുജാലങ്ങളുടെ ശേഖരം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നതാണ്.
കടലിനടിയിലെ വിലപിടിപ്പുള്ള മുത്തുകള്‍ നേരില്‍ കാണാനും, കൃഷി ചെയ്ത മുത്തുചിപ്പിയില്‍ നിന്ന് മുത്തുകള്‍ വേര്‍തിരിക്കുന്ന രീതികള്‍ മനസ്സിലാക്കാനും പ്രദര്‍ശനം സഹായിക്കും. മറൈന്‍ അക്വേറിയത്തില്‍ സിംഹ മത്സ്യം, വവ്വാല്‍ മത്സ്യം, മാലാഖ മത്സ്യം തുടങ്ങി വൈവിധ്യമായ സമുദ്രവര്‍ണ മത്സ്യങ്ങളുടെ ശേഖരം കാണാം. വിവിധ പരീക്ഷണശാലകളില്‍ കടലില്‍ നിന്നു പിടിച്ച അപൂര്‍വയിനം മീനുകള്‍, തിരണ്ടി, സ്രാവിനങ്ങള്‍, ഞണ്ടുകള്‍, കണവകക്കവര്‍ഗങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.
മീനുകളുടെ പ്രായം കണ്ടെത്തുന്നതിന്റെ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന പരീക്ഷണശാല, മീനുകളുടെ ചെവിക്കല്ല് ഉപയോഗിച്ച് നിര്‍മിച്ച ആഭരണങ്ങള്‍, കടലിന് നിറം നല്‍കുന്ന സൂക്ഷ്മ ആല്‍ഗകളുടെ ശേഖരം, കടലിലെ മത്സ്യകൃഷിരീതികള്‍, നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങി അനേകം വിജ്ഞാനപ്രദമായ കാഴ്ചകളുടെ പ്രദര്‍ശനമാണ് സിഎംഎഫ്ആര്‍ഐ പൊതുജനങ്ങള്‍ക്ക് വേണ്ടി ഒരുക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam