
ഇടുക്കി: ആദിവാസി മേഖലകളിലെ പരമ്പരാഗത കൃഷി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ജനമൈത്രി എക്സൈസ് നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടിമാലി ചിന്നപ്പാറ ആദിവാസി മേഖലയില്‍ നടന്നു. ഒരുകാലത്ത് ആദിവാസി മേഖലകളില്‍ വ്യാപകമായി കൃഷിയിറക്കിയിരുന്ന റാഗി,തിന,കേപ്പ് തുടങ്ങിയ കൃഷികള്‍ ഊരുകളില്‍ നിന്നും പടിയിറങ്ങി കഴിഞ്ഞു. ഇവ വീണ്ടും ഗോത്രമേഖലകളില്‍ തിരികെയെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ആദിവാസി, പഞ്ചായത്ത്, വനം, കൃഷി, ജലവിഭവ വകുപ്പ് തുടങ്ങിയവയുമായി കൈകോര്‍ത്ത് ജനമൈത്രി എക്സൈസ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി പ്രകാരം ഊരുകളില്‍ സ്ഥലം കണ്ടെത്തി ആദിവാസി ജനതക്ക് കൃഷിക്കായി പ്രോത്സാഹനം നല്‍കും.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടിമാലി ചിന്നപ്പാറ ആദിവാസി കോളനിയില്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് നിര്‍വ്വഹിച്ചു. പരമ്പരാഗത ഭക്ഷണ രീതിയിലൂടെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിനൊപ്പം വിപണനം സാധ്യമാക്കുന്നതിനായുള്ള സഹായവും ഉറപ്പ്വരുത്തുമെന്ന് ജനമൈത്രി എക്സൈസ് അറിയിച്ചു. പത്ത് ഏക്കര്‍ കൃഷി ഭൂമിയാണ് ചിന്നപ്പാറയില്‍ കൃഷിയിറക്കാനായി കണ്ടെത്തിയിട്ടുള്ളത്. തേവര എസ് എച്ച് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കൃഷിക്ക് സഹായവുമായി ചിന്നപ്പാറയിലെത്തിയിരുന്നു. വിത്തിറക്കുവാന്‍ വേണ്ടുന്ന കൃഷിയിടം വിദ്യാര്‍ത്ഥികള്‍ വെട്ടി ഒരുക്കി. ചിന്നപ്പാറയിലെ കൃഷി വിജയകരമായാല്‍ ജില്ലയിലെ മറ്റ് ഗോത്രമേഖലകളിലേക്കും സമാന രീതിയില്‍ കൃഷി വ്യാപിപ്പിക്കാനാണ് ജനമൈത്രി എക്സൈസ് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാകും കൃഷിക്കായി വേണ്ടുന്ന തുടര്‍ജോലികള്‍ ജനമൈതി എക്സൈസ് നടപ്പിലാക്കുക. ചിന്നപ്പാറയില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് അധ്യക്ഷത വഹിച്ചു. ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി കെ സുനില്‍ രാജ്, സാഹിത്യകാരന്‍ അശോക് മറയൂര്‍, ഷാജി ഇ കെ, നജിം എംഎസ്, ആര്‍ സജീവ്, ജെയിംസ് വി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam