കടലാക്രമണം: ആലപ്പുഴയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു, ലക്ഷങ്ങളുടെ നാശനഷ്ടം

By Web TeamFirst Published Nov 10, 2020, 9:06 AM IST
Highlights

വീടിന്റെ ആധാരം പണയപ്പെടുത്തി മൂന്നു മാസം മുന്‍പ് വാങ്ങിയ വളളമാണ് തകര്‍ന്നതെന്ന് ഹരേ കൃഷ്ണ വള്ളത്തിന്റെ ഉടമ മധു...
 

ആലപ്പുഴ: മത്സ്യബന്ധനത്തിന് ശേഷം കരയില്‍ കയറ്റി വെച്ചിരുന്ന വള്ളങ്ങള്‍ ശക്തമായ തിരയില്‍പ്പെട്ട് തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉടമകള്‍ക്കുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് തീരദേശത്ത് കടലാക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായത്. ഞായറാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിനു ശേഷം പായല്‍ക്കുളങ്ങര അഞ്ചാലും കാവ്, കാക്കാഴം പള്ളിമുക്ക് എന്നിവിടങ്ങളില്‍ നങ്കൂരമിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് കടലെടുത്തത്. 

പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് വാടക്കല്‍ തയ്യില്‍ ആല്‍ബര്‍ട്ടിന്റെ ക്രിസ്തുരാജന്‍, നീര്‍ക്കുന്നം നടുവിലെപ്പറമ്പില്‍ ഗോപകുമാര്‍, കാക്കാഴം വെളിമ്പറമ്പില്‍ ഭദ്രന്‍, കാക്കാഴം പുതുവല്‍ സനല്‍ കുമാര്‍, പായല്‍ക്കുളങ്ങര പുതുവല്‍ മധുവിന്റെ ഹരേ കൃഷ്ണ, കാക്കാഴം ദേവസ്വം പറമ്പ് വിനോദ്, വാടക്കല്‍ അറക്കല്‍ സേവ്യര്‍ ജസീഞ്ഞ് തുടങ്ങിയവരുടെ വള്ളങ്ങളും മറ്റ് ചിലരുടെ വലകളുമാണ് തിരയില്‍പ്പെട്ട് തകര്‍ന്നത്.

ഇതില്‍ ഗോപകുമാറിന്റെ ഉടമസ്ഥതയിലുള്ള വള്ളം കാണാതായി. വള്ളങ്ങളിലുണ്ടായിരുന്ന എഞ്ചിനുകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു. തകര്‍ന്ന വല കടലില്‍ നിന്നെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകാനായി എത്തിയപ്പോഴാണ് പലരും അപകടം അറിയുന്നത്. എട്ട് മുതല്‍ 20 വരെ തൊഴിലാളികള്‍ ജോലിക്കു പോകുന്ന വള്ളങ്ങള്‍ തകര്‍ന്നതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവനവും നിലച്ചു. 

വീടിന്റെ ആധാരം പണയപ്പെടുത്തി മൂന്നു മാസം മുന്‍പ് വാങ്ങിയ വളളമാണ് തകര്‍ന്നതെന്ന് ഹരേ കൃഷ്ണ വള്ളത്തിന്റെ ഉടമ മധു പറഞ്ഞു. ഓരോ വള്ളമുടമക്കും മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കരയില്‍ നങ്കൂരമിട്ടിരുന്ന നിരവധി വള്ളങ്ങള്‍ കൂട്ടിമുട്ടി തകരുകയും ചെയ്തിട്ടുണ്ട്. വന്‍ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്താതെ വള്ളങ്ങള്‍ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കാനും കഴിയില്ല. 

കടല്‍ ശക്തമായതിനാലാണ് തൊഴിലാളികള്‍ ഞായറാഴ്ച വള്ളങ്ങള്‍ കരക്കെത്തിച്ചത്. എന്നാല്‍ അപ്രതീക്ഷിത കടലാക്രമണത്തില്‍ വള്ളം ഉള്‍പ്പെടെയുള്ളവ തകര്‍ന്നതോടെ തൊഴിലാളികള്‍ വഴിമുട്ടി. പായല്‍ക്കുളങ്ങരയില്‍ അപകടത്തില്‍പ്പെട്ട ചില വള്ളങ്ങളുടെ അവശിഷ്ടം ഒരു കിലോമീറ്ററിലധികം ദൂരെയാണ് അടിഞ്ഞത്. കടലാക്രമണ ഭീഷണിയെത്തുടര്‍ന്ന് മറ്റ് വള്ളങ്ങള്‍ പിന്നീട് കടല്‍ഭിത്തിയുടെ കിഴക്ക് ഭാഗത്തേക്ക് മാറ്റി. 

click me!