Latest Videos

പഴയ സാരിയും പ്ലാസ്റ്റിക് ചാക്കും സാമ്പ്രാണിതിരിയുടെ കവർ പോലും കയറാക്കി മാറ്റും ഗോപിനാഥന്‍! എങ്ങനെയെന്നോ?

By Nikhil PradeepFirst Published Feb 18, 2023, 11:41 AM IST
Highlights

ഇനി കയറിന്റെ ഉറപ്പിനെ കുറിച്ച് ആരെങ്കിലും സംശയം ഉന്നയിച്ചാൽ 15 വർഷം മുമ്പ് കിണറിൽ നിന്ന് വെള്ളം കോരാൻ സാരിയിൽ നിന്ന് നിർമ്മിച്ച കയർ ചൂണ്ടിക്കാണിക്കും. 

തിരുവനന്തപുരം: പഴയ സാരിയും പ്ലാസ്റ്റിക്ക് ചാക്കും എന്തിന് സാമ്പ്രാണി തിരിയുടെ പാക്കറ്റിനുള്ളിലെ പ്ലാസ്റ്റിക്ക് കവറിൽ നിന്ന് വരെ നല്ല ബലമുള്ള കയറുകൾ നിർമ്മിച്ച് ശ്രദ്ധേയരായി ദമ്പതികൾ. തിരുവല്ലം പുഞ്ചക്കരി കല്ലടി മേലെ കളത്തിൽ വീട്ടിൽ 74 വയസ്സ് പ്രായമുള്ള ഗോപിനാഥനും 69 വയസ്സ് പ്രായമുള്ള ഭാര്യ ശാന്തയുമാണ് വീട്ടിലെ ആവശ്യങ്ങൾക്കെല്ലാം സ്വന്തമായി നിർമ്മിച്ച കയർ ഉപയോ​ഗിക്കുന്ന അപൂർവ്വ വ്യക്തികൾ. ഇനി കയറിന്റെ ഉറപ്പിനെ കുറിച്ച് ആരെങ്കിലും സംശയം ഉന്നയിച്ചാൽ 15 വർഷം മുമ്പ് കിണറിൽ നിന്ന് വെള്ളം കോരാൻ സാരിയിൽ നിന്ന് നിർമ്മിച്ച കയർ ചൂണ്ടിക്കാണിക്കും ഇവര്‍. കൂട്ടത്തിൽ ഒരു കാര്യം കൂടി പറയും. ആ കയർ പൊട്ടിക്കുന്നയാൾക്ക് 500 രൂപ സമ്മാനം!

15 വർഷമായി ഇവരുടെ വീട്ടിൽ കയർ വാങ്ങാറില്ല. സ്വന്തമായി നിർമ്മിക്കുന്ന കയർ ആണ് വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നത്. സാരിയും പ്ലാസ്റ്റിക് ചാക്കും ഉപയോ​ഗിച്ചാണ് കയർ നിർമ്മാണം. കൂലിവേല ചെയ്ത് കുടുംബം പുലർത്തിയിരുന്ന ​ഗോപിനാഥൻ കഴിഞ്ഞ വർഷമായി രോ​ഗബാധിതനായി വീട്ടിൽ ഇരിപ്പാണ്. ഒരിക്കല്‍ വീടിന്റെ മച്ച് മറക്കാൻ ഉപയോ​ഗിച്ച സാരിയുടെ ബാക്കി ഭാ​ഗം കയര്‍ രൂപത്തില്‍ പിരിച്ചു നോക്കിയപ്പോൾ നല്ല ബലം തോന്നി. പിന്നീട് പതിയെ ഇതുപോലെ കയർ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി.

പലർക്കും സാരി കൊണ്ട് കയർ ഉണ്ടാക്കുന്നു എന്ന് പറയുമ്പോൾ അത് വിശ്വാസം വരാറില്ല എന്നും അതിൻ്റെ ബലത്തെ കുറിച്ച് സംശയം ഉന്നയിക്കാറുണ്ട് എന്നും ഗോപിനാഥൻ പറയുന്നു. ഇത്തരത്തിൽ താൻ നിർമിച്ച കയർ ബലം പ്രയോഗിച്ച് പൊട്ടിച്ചാൽ 500 രൂപ നൽകാം എന്നാണ് ഇദ്ദേഹത്തിന്‍റെ വാഗ്ദാനം. ആരെങ്കിലും രണ്ടു സാരികൾ കൊണ്ടുവന്ന് വന്നാൽ ഒരു കയർ ഇവർക്ക് നിർമിച്ച് നൽകാൻ കഴിയും. എന്നാല്‍ ഒന്നിൽ കൂടുതൽ വേണമെങ്കിൽ അതിനു കാശ് വാങ്ങും. കാണം അത്രത്തോളം പ്രയത്നം എടുത്താണ് ഇത് നിർമ്മിക്കുന്നത്. ഒരു കയർ നിർമ്മിക്കാൻ നാലു ദിവസത്തോളമെടുക്കും. സഹായത്തിന് ഭാര്യ ശാന്തയുമുണ്ട്. 

മുൻപ് വീട്ടിൽ കന്നുകാലികളെ വളർത്തിയിരുന്നപ്പോള്‍ ഇവരെ കെട്ടാൻ വേണ്ടി കയർ വാങ്ങാൻ ധാരാളം പണം ആവശ്യമായി വന്നിരുന്നതായി പറയുന്നു. എന്നാൽ സാരിയും പ്ലാസ്റ്റിക് ചാക്കും ഉപയോ​ഗിച്ച് കയർ നിർമ്മിക്കാൻ തുടങ്ങിയതിൽ പിന്നെ പുറത്ത് നിന്ന് കയർ വാങ്ങേണ്ടി വന്നിട്ടില്ല. കിണറ്റിൽ നിന്ന് വെള്ളം കോരാനും കയറിന് പകരം സാരി കൊണ്ടുള്ള കയർ ആണ്  ഉപയോ​ഗിക്കുന്നത്. 15 വർഷം മുൻപ് നിർമ്മിച്ച കയറാണ് ഇപ്പോഴുമുള്ളത്. സാധാരണ കയറിൽ നിന്ന് വ്യത്യസ്തമായി പഴയ സാരികൾ കൊണ്ട് ഉണ്ടാക്കുന്ന കയർ പിടിക്കാൻ മയം ഉണ്ട് എന്നും ഗോപിനാഥൻ പറയുന്നു. 

പ്ലാസ്റ്റിക്ക് ചാക്കിലെ നൂലുകൾ എടുത്ത് അതിൽ നിന്നും ഗോപിനാഥൻ കയർ ഉണ്ടാക്കുന്നുണ്ട്. സാമ്പ്രാണി തിരികൾ വരുന്ന കൂടിനുള്ളിലെ പ്ലാസ്റ്റിക് കവറുകൾ കൂട്ടിയോജിപ്പിച്ചും ചെറിയ കയറുകൾ നിര്‍മ്മിക്കും. കടയിൽ നിന്നും റേഷൻ കടയില്‍ നിന്നും സാധനങ്ങൾ വാങ്ങി വരുമ്പോൾ ചാക്കുകൾ കൂട്ടി കെട്ടാൻ ഈ ചെറിയ കയറാണ് ഉപയോഗിക്കുന്നത്. 

ഇപ്പൊൾ വീതി കൂടിയ പ്ലാസ്റ്റിക്ക് കയറിൽ നിന്ന് കൂട ഉണ്ടാക്കുന്ന പ്രയത്നത്തിൽ ആണ് ഗോപിനാഥൻ. ഇവർ ഇപ്പോൾ താമസിക്കുന്ന മൂന്നു മുറി വീടിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളും ദമ്പതികൾ തനിച്ചാണ് നിർവഹിച്ചത്. കൈകൊണ്ട് ഇദ്ദേഹം നിർമ്മിക്കുന്ന വലകൾ വാങ്ങാനും ആളുകൾ എത്താറുണ്ട്. വാർദ്ധക്യം ഇവർക്ക് ഒരു തടസമല്ല. ഒരുമിച്ച് സന്തോഷത്തോടെ ഓരോ ദിവസവും പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ​ഗോപിനാഥനും ശാന്തയും 


 

click me!