ഒരു വർഷത്തിനുള്ളിൽ വീട്; പന്തപ്ര ആദിവാസി കോളനിക്കാർക്ക് ഉറപ്പ് നൽകി കളക്ടർ സുഹാസ്

By Web TeamFirst Published Jun 24, 2019, 10:31 AM IST
Highlights

കോളനിവാസികളുടെ കുടിവെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുമെന്നും കളക്ടർ

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിലെ പന്തപ്ര ആദിവാസി കോളനിയിലെ താമസക്കാരുടെ വീട് നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. കോളനിയിൽ സന്ദർശനം നടത്തിയ ശേഷമാണ് കളക്ടറുടെ പ്രതികരണം.

വന്യമൃഗങ്ങളുടെ ശല്യം മൂലം വാരിയം ആദിവാസി ഊരിൽ നിന്നും വീടും കൃഷിയിടവും ഉപേക്ഷിച്ചെത്തിയ അറുപത്തിയേഴ് കുടുംബങ്ങളാണ് പന്തപ്രയിൽ കുടിൽ കെട്ടി താമസിക്കുന്നത്. വർഷങ്ങൾ നീണ്ട സമരങ്ങൾക്കൊടുവിലാണ് ഇവർക്ക് വീട് വെക്കാൻ സർക്കാർ രണ്ടേക്കർ ഭൂമിയും ഒരു വീടിന്‍റെ നിർമ്മാണത്തിനായി ആറ് ലക്ഷം രൂപയും അനുവദിച്ചത്. 

എന്നാൽ, അനുവദിച്ച സ്ഥലം വന ഭൂമിയായതിനാൽ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ മൂലം വീട് നിർമ്മാണം നീണ്ട് പോയി. ഈ സാഹചര്യത്തിലാണ് നടപടി ക്രമങ്ങൾ വേഗത്തിലാക്കി, അടുത്ത മഴക്കാലത്തിന് മുമ്പ് വീട് നിർമ്മാണം പൂർത്തിയാക്കുമെന്ന് കോളനി നിവാസികൾക്ക് കളക്ടർ ഉറപ്പ് നൽകിയത്.

കോളനിവാസികളുടെ കുടിവെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുമെന്നും കളക്ടർ പറഞ്ഞു .
 

click me!