
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള മുഞ്ചിറ മഠം സേവാഭാരതി കയ്യേറിയെന്ന തസഹീൽദാർ റിപ്പോർട്ടിന്മേൽ ഇന്ന് കളക്ടർ തെളിവെടുപ്പ് നടത്തും. നിലവിൽ സേവാഭാരതി ബാലസദനം നടത്തുന്ന മുഞ്ചിറ മഠം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായ പരമേശ്വര ബ്രഹ്മാന്ദ തീർത്ഥ ഒരാഴ്ചയിലേറെയായി സമരത്തിലാണ്. ആർഎസ്എസ് പ്രവർത്തകർ പൂജ തടസ്സപ്പെടുത്തിയെന്നും തന്നെ കയ്യേറ്റം ചെയ്തുവെന്നും സ്വാമിയാർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ മഠം നിൽക്കുന്ന സ്ഥലം തങ്ങളുടേതാണെന്ന ഉറച്ച നിലപാടിലാണ് സേവാഭാരതിയുള്ളത്.
സേവാഭാരതി ബാലസദനം നടത്തുന്ന മഠം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി സമരത്തിലായിരുന്ന സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥയുടെ സമരപ്പന്തൽ കഴിഞ്ഞ ദിവസം പൊളിച്ചിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന സേവാഭാരതി പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
സമരത്തോടൊപ്പം ബാലസദനത്തിന് മുമ്പിൽ സ്വാമിയാർ പൂജയും ചെയ്തിരുന്നു. പൂജ ചെയ്തുവന്ന സാളഗ്രാമങ്ങള്‍ സംഘർഷത്തിനിടെ സേവാഭാരതിക്കാർ മോഷ്ടിച്ചതിനാൽ പൂജയും മുടങ്ങിയെന്നാണ് സ്വാമിയാരുടെ ആരോപണം.
എന്നാല്‍, പൊലീസിന്‍റെ സാന്നിധ്യത്തിൽ സ്വാമി തന്നെ പൂജാസാമഗ്രികളും വിഗ്രഹങ്ങളും കൊണ്ടുപോയെന്നാണ് സേവാഭാരതി പ്രവർത്തകർ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam