
തൃശൂര്‍: നിയമവിരുദ്ധമായ വെടിക്കെട്ടുകള്‍ തൃശൂരില്‍ വേണ്ടെന്ന മുന്നറിയിപ്പുമായി കളക്ടര്‍ ടി വി അനുപമ. ഫാന്‍സി വെടിക്കെട്ടുകള്‍ക്കും അനുമതിയില്ല. ഉത്സവ-തിരുന്നാള്‍ സീസണായതോടെ കളക്ടറുടെ കര്‍ക്കശ നിലപാട് ഫെസ്റ്റിവല്‍ സംഘാടകരില്‍ അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണ്. എക്‌സപ്ലോസീവ് റീള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്കുമാത്രമെ വെടിക്കെട്ട് പ്രദര്‍ശനത്തിനുള്ള അനുമതി നല്‍കൂവെന്നാണ് കളക്ടറുടെ തീരുമാനം.
വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍(മാഗസിന്‍)ക്ക് സ്‌ഫോടക വസ്തു ലൈസന്‍സും നിര്‍ബന്ധമാണ്. വെടിക്കെട്ട് നിര്‍മാതാക്കള്‍ക്കും വെടിക്കോപ്പുകള്‍ക്കും പെസോയില്‍ നിന്നുള്ള ലൈസന്‍സും ഉണ്ടാവണം. പെസോ നിഷ്‌കര്‍ഷിക്കുന്ന ക്രമീകരണങ്ങള്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഉണ്ടാവണമെന്നും കളക്ടര്‍ ടി വി അനുപമ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വ്യവസ്ഥകള്‍ ലംഘിച്ച് നല്‍കുന്ന അപേക്ഷ നിരസിക്കും.
ഭക്ഷണ വിതരണം, പ്രസാദ ഊട്ട്, പ്രസാദ വിതരണം, തിരുന്നാള്‍ ഊട്ട്, ആണ്ടുനേര്‍ച്ച ഭക്ഷണ വിതരണം എന്നിവ നടത്തുന്ന ആരാധനാലയങ്ങള്‍ രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കണമെന്ന ടി വി അനുപമയുടെ ഉത്തരവില്‍ നടപടികള്‍ തുടരുകയാണ്. മാര്‍ച്ച് ഒന്നിനകം എല്ലാ ആരാധനാലയങ്ങളും രജിസ്‌ട്രേഷനും ലൈസന്‍സും എടുത്തിരിക്കണമെന്ന് കളക്ടര്‍ ഓര്‍മ്മപ്പെടുത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam