
ഹരിപ്പാട് : വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ നിന്നും വരുന്ന കുടിവെള്ളത്തിന് നിറവ്യത്യാസം. ആറാട്ടുപുഴ പതിനഞ്ചാം വാർഡിലെ പ്രദേശവാസികൾ ഭക്ഷണം പാചകം ചെയ്തതിനും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിനാണ് നിറവ്യത്യാസം. വിവരം കായംകുളം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അധികൃതർ എത്തി പരിശോധിച്ച ശേഷം പരിഹാരം കാണാതെ മടങ്ങുകയായിരുന്നു.
ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിനടുത്തുള്ള കുഴൽ കിണറിൽ നിന്നാണ് നിന്നാണ് കലങ്ങിയ കുടിവെള്ളം ലഭിക്കുന്നത്. ഫിൽറ്റർ തകരാറായതിനെ തുടർന്നാണ് മലിനജലം കലർന്ന വെള്ളം കയറിവരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത് . പുതിയ കുഴൽ കിണർ സ്ഥാപിച്ചാൽ മാത്രമേ ഇതിന് പരിഹാരം ഉണ്ടാവുകയുള്ളൂ എന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. ഭക്ഷണം പാചകം ചെയ്യുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ശുദ്ധജലം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. വസ്ത്രങ്ങൾ അലക്കുന്നതിനു പോലും വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത് .
വെളുത്ത വസ്ത്രങ്ങൾ ഈ വെള്ളം ഉപയോഗിച്ച് അലക്കിയാൽ കറുപ്പുനിറം പിടിക്കുകയും പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത വിധമാകുകയും ചെയ്യും. മലിനജലം ഉപയോഗിക്കുന്നതുമൂലം കുട്ടികൾ അടക്കമുള്ളവർക്ക് സാംക്രമിക രോഗം ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇതിനിടയിൽ വാട്ടർ ബിൽ നൽകുന്നതിൽ അധികൃതർ കൃത്യനിഷ്ട കാണിക്കുന്നുമുണ്ട്. അടിയന്തരമായി വാട്ടർ അതോറിറ്റിയും ഗ്രാമപഞ്ചായത്തും ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona