എലിക്ക് വച്ച പശക്കെണിയില്‍ കുടുങ്ങിയത് പൊന്മാന്‍, രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍

Published : May 16, 2023, 01:51 PM IST
എലിക്ക് വച്ച പശക്കെണിയില്‍ കുടുങ്ങിയത് പൊന്മാന്‍, രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍

Synopsis

എലികളെ കുടുക്കാനായി വയ്ക്കുന്ന പശക്കെണിയിലാണ് പൊന്മാന്‍ പെട്ടത്. പശയില്‍ കുടുങ്ങി തൂവലുകള്‍ ഒട്ടിപ്പിടിച്ചതോടെ മീന്‍ പിടിക്കാനുള്ള ശ്രമം പൊന്മാനെ വെള്ളത്തില്‍ കുരുക്കുകയായിരുന്നു.

പത്തനംതിട്ട: എലിക്കെണിയില്‍ കുടുങ്ങിയ പൊന്മാന് രക്ഷയായി ഓട്ടോ ഡ്രൈവര്‍മാര്‍. പത്തനംതിട്ട സീതത്തോട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെയുള്ള ഓട്ടം കഴിഞ്ഞ് തിരികെ സ്റ്റാന്‍ഡിലെത്തിയ ഓട്ടോ ഡ്രൈവര്‍മാരായ കെ ആര്‍ ജയകുമാറിന്‍റേയും കെ പി മധുവിന്‍റേയും ശ്രദ്ധയില്‍ കക്കാട്ടാറില്‍ ചിറകിട്ടടിക്കുന്ന പൊന്മാനില്‍ പെട്ടത്. മീന്‍ പിടിക്കാന്‍ ഇറങ്ങിയതാണെന്ന് ആദ്യം തോന്നിയെങ്കിലും അത് അങ്ങനല്ലെന്ന് ചെറുപക്ഷിയെ ശ്രദ്ധിച്ചതോടെ മനസിലായി.

പൊന്മാന്‍ വെള്ളത്തില്‍ മുങ്ങിത്താഴാന്‍ പോവുകയാണെന്ന് വ്യക്തമായതോടെ പുഴയുടെ തീരത്തെ കാടും മാലിന്യവും വകവയ്ക്കാതെ ഇരുവരും പൊന്മാന് അരികിലെത്തുകയായിരുന്നു. പൊന്മാനെ കയ്യിലെടുത്തപ്പോഴാണ് ചിറകുകള്‍ അനക്കാനാവാത്ത രീതിയില്‍ തൂവലുകള്‍ ഒട്ടിയ നിലയിലാണെന്ന് വ്യക്തമാവുന്നത്. ഇതോടെ പൊന്മാനെ രക്ഷിക്കാന്‍ എന്ത് ചെയ്യണമെന്നായി ഓട്ടോ ഡ്രൈവര്‍മാരുടെ ചിന്ത. എലികളെ കുടുക്കാനായി വയ്ക്കുന്ന പശക്കെണിയിലാണ് പൊന്മാന്‍ പെട്ടത്. പശയില്‍ കുടുങ്ങി തൂവലുകള്‍ ഒട്ടിപ്പിടിച്ചതോടെ മീന്‍ പിടിക്കാനുള്ള ശ്രമം പൊന്മാനെ വെള്ളത്തില്‍ കുരുക്കുകയായിരുന്നു.  എണ്ണയും സോപ്പും ഉപയോഗിച്ച് പൊന്മാനെ പശയില്‍ നിന്ന് മോചിപ്പിക്കാനുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ ഏറെ നേരത്തെ ശ്രമം വിജയം കാണുകയായിരുന്നു.

ചിറകുകളിലെ പശ സോപ്പും എണ്ണയും ഉപയോഗിച്ച് കക്കാറിലെ വെള്ളത്തില്‍ കഴുകി കളഞ്ഞ് ഒരു നീണ്ട കുളി കഴിഞ്ഞതോടെ പൊന്മാനും പാതി ജീവന്‍ തിരികെ കിട്ടിയത് പോലെയായി. പിന്നീട് വെയിലുകൊള്ളിച്ച് ചിറകുകള്‍ ഉണക്കിയെടുക്കാനുള്ള ഇവരുടെ ശ്രമങ്ങള്‍ കൂടി വിജയിച്ചതോടെ പൊന്മാന്‍ തനിയെ പറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി. ഗവി ഗേറ്റ് എന്ന വ്ലോഗിലാണ് പൊന്മാനെ രക്ഷിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ദൃശ്യങ്ങളുള്ളത്. 
 

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്