നഷ്ടപരിഹാരത്തുക ലഭിച്ചില്ല; ആലപ്പുഴ കലക്ട്രേറ്റിന് മുന്നിൽ സമരവുമായി പ്രളയബാധിതർ

By Web TeamFirst Published Feb 19, 2019, 3:39 PM IST
Highlights

ഇത്ര കാലമായിട്ടും നഷ്ടപരിഹാരം തരാന്‍ അധികൃതർ തയ്യാറാവാത്തതിനാലാണ് സമരത്തിനിറങ്ങുന്നതെന്നും നഷ്ടപരിഹാരത്തുക എന്ന് ലഭിക്കുമെന്ന കാര്യത്തിൽ  ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂവെന്നും പ്രളയബാധിതര്‍ പറഞ്ഞു.

ആലപ്പുഴ: പ്രളയത്തിൽ വീട് തകർന്നവർക്കുള്ള നഷ്ട പരിഹാരത്തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കൈനകരി പഞ്ചായത്തിലെ പ്രളയബാധിതർ കലക്ട്രേറ്റിനുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രത്തിൽ.

വീട് നഷ്ടപ്പെട്ടിട്ടും സർക്കാർ സഹായത്തിനുള്ള പട്ടികയിൽ ഇടംപിടിക്കാത്തവരാണ് കലക്ട്രേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.  കൈനകരി പഞ്ചായത്തംഗം ബി കെ വിനോദിന്‍റെ നേതൃത്വത്തിലാണ് സമരം 

ആലപ്പുഴയിലെ പ്രളയബാധിതരുടെ ദുരിതം  വാര്‍ത്താ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നതോടെ ജില്ലാ ഭരണകൂടം ഇടപെടുകയായിരുന്നു. ഈ മാസം 28 ന് മുൻപ് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കടക്കം നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു ജില്ലാ കലക്ടര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്.

എന്നാൽ കലക്ടറുടെ തീരുമാനം പുറത്ത് വന്നതിന് ശേഷവും തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന നിലപാടാണ് പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ഇത്ര കാലമായിട്ടും നഷ്ടപരിഹാരം തരാന്‍ അധികൃതർ തയ്യാറാവാത്തതിനാലാണ് സമരത്തിനിറങ്ങുന്നതെന്നും നഷ്ടപരിഹാരത്തുക എന്ന് ലഭിക്കുമെന്ന കാര്യത്തിൽ  ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂവെന്നും പ്രളയബാധിതര്‍ പറഞ്ഞു.

click me!